വാഷിങ്ടൻ: ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച ഇലോൺ മസ്ക്, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി താരതമ്യപ്പെടുത്തിയായിരുന്നു പരിഹാസം.
“ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പു കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’– ഇതായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ (മുൻപ് ട്വിറ്റർ) പോസ്റ്റ്.
യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും 300,000 വോട്ടുകൾ എണ്ണിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. കാലിഫോർണിയയിൽ 98 ശതമാനം വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകൾ നേടി ഡെമോക്രറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് കാലിഫോർണിയയിൽ വിജയമുറപ്പിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ യുഎസിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സ്റ്റേറ്റുകളിൽ ഒന്നാണ്.