നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69-ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളപതി 69 താരത്തിന്റെ അവസാന സിനിമയായിരിക്കും എന്നാണ് കരുതുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് വിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും, പൂജാഹെഡ്ഗെയും, പ്രിയാമണി, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് എത്തുന്നത്.
ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.