Tuesday, May 26, 2026
Home » ഇന്ത്യ നക്‌സൽ വിമുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
അമിത് ഷാ

ഇന്ത്യ നക്‌സൽ വിമുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

by Editor

ന്യൂഡൽഹി: ഇന്ത്യ നക്‌സൽ വിമുക്തമായെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ൽ അധികം മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കോൺഗ്രസും, ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആദിവാസി മേഖലകളിൽ കോൺഗ്രസും ചുവപ്പ് ഭീകരതയും വികസനം തടസപ്പെടുത്തിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വർഷവും ആദിവാസി വിഭാഗങ്ങളെ കോൺഗ്രസ് അവഗണിച്ചു. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തി. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് നേരിടേണ്ടി വന്നേക്കാവുന്ന അനീതികൾക്കുള്ള വ്യവസ്ഥകൾ ഭരണഘടനയിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു, ആയുധമെടുക്കുന്നത് പരിഹാരമല്ല. നക്സലിസത്തിനു അനുകൂലമായി വാദിക്കുന്നവർ, ആയുധമെടുക്കുന്ന ആളുകൾ, വില നൽകേണ്ടിവരുമെന്ന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിൽ നക്സലിസം തുടർന്നത് കോൺഗ്രസ് കാരണമാണെന്ന് പറഞ്ഞ അമിത് ഷാ കോൺഗ്രസ് സർക്കാർ നക്സലിസത്തെ പിന്തുണച്ചു എന്നും ആരോപിച്ചു. കോൺഗ്രസിന് ഛത്തീസ്ഗഡിൽ അധികാരം നഷ്ടമായപ്പോൾ സംസ്ഥാനം മാവോയിസ്റ്റ് മുക്തമായെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് മുക്ത ഭാരതം നരേന്ദ്രമോദി സർക്കാർ കാരണമാണ്. നക്സൽ ബാധിത മേഖലകൾ വികസനത്തിലേക്ക് കുതിക്കുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ നിർമിച്ചു. ആയിരക്കണക്കിന് മൊബൈൽ ടവറുകൾ വന്നുവെന്നും ലോക്സഭയിൽ അമിത് ഷാ വ്യക്തമാക്കി.

മാവോയിസ്റ്റുകളുടെ പുനരുധാരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് അമിത് ഷാ അറിയിച്ചു. നക്സലിസത്തെ പിന്തുണയ്ക്കുന്നവരുമായി രാഹുൽ ഗാന്ധി വേദി പങ്കിട്ടുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഗേറ്റിൽ നടന്ന മാവോയിസ്റ്റ് അനുകൂല പ്രതിഷേധത്തെ രാഹുൽ പിന്തുണച്ചു. മാദ്‌വി ഹിദ്‌മയെ രാഹുൽ ഗാന്ധി പിന്തുണച്ചു. കോൺഗ്രസ് പാർട്ടി നക്സൽവാദിയായി മാറി. “സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷങ്ങളിൽ, 60 വർഷവും അധികാരം നിങ്ങളുടെ (കോൺഗ്രസ്) കൈകളിലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇന്നും ആദിവാസി സമൂഹങ്ങൾക്ക് വികസനം നിഷേധിക്കപ്പെട്ടിരിക്കുന്നത്?” കോൺഗ്രസിനെ കുറ്റപ്പെടുത്തി അദ്ദേഹം ചോദിച്ചു. ഇതിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!