Tuesday, May 26, 2026
Home » മഹകവി പുത്തൻകാവ് മാത്തൻ തരകൻ; ഓർമ്മകളിലൂടെ
മഹകവി പുത്തൻകാവ് മാത്തൻ തരകൻ; ഓർമ്മകളിലൂടെ

മഹകവി പുത്തൻകാവ് മാത്തൻ തരകൻ; ഓർമ്മകളിലൂടെ

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor

മാറുക മൂടൽമഞ്ഞേ;
പൊന്നുഷസ്സിനുവേഗം
മാർഗ്ഗമേകുക ലോകം
വെളിച്ചം ദർശിക്കട്ടെ..!
(മഹാകവി പുത്തൻകാവ്‌ ‘മാത്തൻ തരകൻ:)

പുത്തൻകാവ് മാത്തൻ തരകൻ സർ ഓർമ്മയായിട്ട് ഇന്ന് 33 വർഷം (1993 ഏപ്രിൽ 5). ചെങ്ങന്നൂരിനടുത്ത് പുത്തൻകാവിൽ 1903 സെപ്റ്റംബർ 6 -ന് ജനനം. മറിയാമ്മയും കിഴക്കേത്തലക്കൽ ഈപ്പൻ മത്തായിയും മാതാപിതാക്കൾ. സ്കൂൾ ഫൈനൽ വിദ്യാഭ്യാസത്തിനും വിദ്വാൻ പരീക്ഷയ്ക്കും ശേഷം സ്വപ്രയത്നത്താൽ മലയാളം എം.എ. പാസ്സായി. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകൻ. അവിടെ മലയാളവിഭാഗം തലവനും പ്രിൻസിപ്പലുമായി.. മദ്രാസ് – കേരള സർവ്വകലാശാലകളുടെ പരീക്ഷ ബോർഡ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കവിത, നോവൽ, നിരൂപണം, ഉപന്യാസം, ജീവചരിത്രം തുടങ്ങിയ വിവിധ മേഖലകളിലായി ഏതാണ്ട് എഴുപതോളം കൃതികൾ ! കാവ്യസങ്കീർത്തനം, കൈരളിലീല, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകൻ, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരൻ, വസന്ത സൗരഭം തുടങ്ങിയ കവിതാസമാഹാരങ്ങളും, ഇണങ്ങാത്ത മനുഷ്യൻ, ജീവിതാമൃതം, മധുബാലിക എന്നീ നോവലുകളും, പൗരസ്ത്യ നാടകദർശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം തുടങ്ങിയ ഉപന്യാസ ഗ്രന്ഥങ്ങളും. കൂടാതെ വിശ്വദീപം എന്ന മഹാകാവ്യവും.

ഭാഷാപ്രയോഗത്തിൽ വലിയ നിഷ്ഠ പുലർത്തിയിരുന്ന മാത്തൻ തരകൻ സർ, സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും നിരവധി കവിതകൾ എഴുതി. മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ജ്ഞാനാംബികയിലെ ഗാനങ്ങൾ നിർവ്വഹിച്ചതും ഇദ്ദേഹമാണ്. 1940 ഏപ്രിൽ 7 ന് പുറത്തുവന്നു.

പുത്തൻകാവ് മാത്തൻ തരകൻ എഴുതിയ പതിനഞ്ച് ഗാനങ്ങൾ ഇതിലെ അഭിനേതാക്കൾ തന്നെയാണ് ആലപിച്ചതും. പ്രിയചന്ദ്രൻ മമചന്ദ്രൻ ….., ദേവാ രാധാ വല്ലഭ….. തുടങ്ങി നാലു ഗാനങ്ങൾ മാവേലിക്കര സി. കെ. രാജവും ബാക്കി സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും പാടി. സംഗീതം നൽകിയത് ടി.കെ. ജയരാമ അയ്യരും.

സാഹിത്യകാരനും മനോരമ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റും, കോതമംഗലം എം.എ. കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ (ഡോ.) കെ.എം തരകൻ, ഡോ. കെ.എം. ജോസഫ് എന്നിവർ മക്കൾ

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!