Friday, May 8, 2026
Home » ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി
ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി

ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി

by Editor

റിയാദ്: ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ശനിയാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ, മറ്റ് മൂന്ന് എംബസി ഉദ്യോഗസ്ഥർ എന്നിവരെയാണ് പുറത്താക്കിയത്. ഇവർക്ക് രാജ്യം വിടാൻ 24 മണിക്കൂർ സമയമാണ് സൗദി അധികൃതർ നൽകിയിരിക്കുന്നത്.

സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഈ നടപടിക്ക് കാരണമായി സൗദി ചൂണ്ടിക്കാട്ടുന്നത്. ഇറാൻ്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ‘ബെയ്ജിംഗ് കരാറിൻ്റെയും’ ലംഘനമാണെന്ന് സൗദി പ്രസ്താവിച്ചു. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു. അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് 9-ന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമ്മിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇറാനും ഇസ്രായേൽ-യുഎസ് സഖ്യവും തമ്മിൽ മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സൗദിക്ക് പുറമെ ഖത്തറും സമാനമായ രീതിയിൽ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെ നേരത്തെ പുറത്താക്കിയിരുന്നു.

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഇറാൻ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒന്ന് മിസൈൽ പ്രതിരോധ സംവിധാനം വഴി വെടിവെച്ചിട്ടു. മറ്റ് രണ്ടെണ്ണം ജനവാസമില്ലാത്ത മേഖലയിൽ പതിച്ചു. കൂടാതെ, ഈസ്റ്റേൺ പ്രവിശ്യക്ക് മുകളിൽ അഞ്ച് ഡ്രോണുകൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: ഇറാന് അന്ത്യശാസനവുമായി ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!