തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്, കെപിസിസി പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും ഹൈക്കമാൻഡ് പുതിയ പദവി നൽകി. അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ടാലന്റ്റ് ഹണ്ട് കോഡിനേറ്റർ പദവിയാണ് ചാണ്ടി ഉമ്മന് നൽകിയത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതല നൽകി. കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു.
13 വൈസ് പ്രസിഡൻറുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തു വിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ അതൃപ്‌തി പ്രകടമാക്കിയത്. ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡൻ്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ അവസാനവട്ടം അദേഹത്തെ തഴഞ്ഞുവെന്നായിരുന്നു പരാതി. അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ നിലപാടെടുത്തതാണ് ചാണ്ടി ഉമ്മനെ തഴയാൻ ഇടയാക്കിയതെന്നും ആരോപണമുയർന്നിരുന്നു.
കെപിസിസി പുനസംഘടനയിൽ അതൃപ്‌തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ചാണ്ടി ഉമ്മൻ എക്‌സിറ്റായിരുന്നു. നേരത്തെ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് മുന്നറിയിപ്പുകൾ കൂടാതെ പുറത്താക്കിയതിൽ ചാണ്ടി ഉമ്മൻ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു.
പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എഐസിസിയില്‍ റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിപ്പിച്ചത്.



