Sunday, October 26, 2025
Mantis Partners Sydney
Home » നടൻ മമ്മൂട്ടിയുടെ ഇടപെടൽ, ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!
നടൻ മമ്മൂട്ടിയുടെ ഇടപെടൽ, ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

നടൻ മമ്മൂട്ടിയുടെ ഇടപെടൽ, ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

by Editor

കൊച്ചി: അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തത്. ദിവസ വേതനക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രം ആശ്രയമായ കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ മമ്മൂട്ടി, നിയയെ ‘വാത്സല്യം’ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ മേലൂർ സ്വദേശിയായ നിഥുൻ കെ സിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്.

കഠിനമായ വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്, നിയയുടെ മൂത്രനാളിയിൽ തടസ്സം കണ്ടെത്തിയത്. വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള നാളിയിലായിരുന്നു തടസ്സം. പെൽവിക് യൂറിറ്ററിക് ജംഗ്ഷനിലെ തടസ്സം നീക്കുവാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയക്ക് തുക കണ്ടെത്താൻ വിഷമിച്ച നിഥുന്റെ മുന്നിലേക്ക്, ഒരു സുഹൃത്തു വഴിയാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തുന്നത്. കുഞ്ഞിന്റെ രോഗവിവരവും, സാമ്പത്തീക സ്ഥിതിയും വിവരിച്ചുകൊണ്ട് നിഥുൻ കെയർ ആൻഡ് ഷെയറിലേക്ക് കത്തെഴുതി. നിയയുടെ സാഹചര്യം മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യനാണ് വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി. ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, കൃത്യത എന്നിവ ഉറപ്പാക്കുന്ന റോബോട്ടിക് സർജറിയുടെ മികവിൽ, ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാൻ നിയക്ക് കഴിഞ്ഞു.

സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ‘വാത്സല്യം’. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി എന്നിവ അർഹരായവർക്ക് സൗജന്യമായി ചെയ്ത് നൽകുമെന്ന് രാജഗിരി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അറിയിച്ചു. പദ്ധതിയിൽ പങ്കാളികളാകുവാൻ +91 8590965542, +91 98474 87199 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഫോട്ടോനോട്ട് : ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന അഞ്ചു വയസ്സുകാരി നിയയുമായി കുശലം പറയുന്ന പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനു. മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ ആലുവ രാജഗിരി ആശുപത്രിയിലാണ് നിയക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തത്.

Send your news and Advertisements

You may also like

error: Content is protected !!