ബ്രിസ്ബേൻ: ക്വീൻസ്‌ലൻഡിൽ ഇ-സ്‌കൂട്ടറുകൾക്കും (e-scooters) ഇ-ബൈക്കുകൾക്കും (e-bikes) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പുതിയ നിയമനിർമ്മാണം നടത്തുന്നു. വർദ്ധിച്ചുവരുന്ന അപകടങ്ങൾ കണക്കിലെടുത്താണ് “നേഷൻ ലീഡിംഗ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. പുതിയ നിയമ പ്രകാരം ഇത്തരം വാഹനങ്ങൾ ഓടിക്കുന്നതിന് കുറഞ്ഞത് ലേണർ ലൈസൻസെങ്കിലും നിർബന്ധമാക്കും. ഇതോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും ഓടിക്കുന്നതിന് പൂർണ നിരോധനം നിലവിൽ വരും.
കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രി ബ്രെൻ്റ് മിക്കൽബെർഗ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ബിൽ ഈ ആഴ്‌ച തന്നെ പാർലമെൻ്റിൽ അവതരിപ്പിക്കും. റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർ മാത്രമേ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹെൽമറ്റ് ധരിക്കാതിരിക്കുകയോ നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റുകയോ ചെയ്താൽ 500 ഡോളർ വരെ പിഴ ഈടാക്കും.
നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കാൻ പോലീസിന് അധികാരമുണ്ടാകും. കൂടാതെ, നടപ്പാതകളിലെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി പരിമിതപ്പെടുത്തും. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് കുറ്റകരമാക്കും. മണിക്കൂറിൽ 25 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ഇ-വാഹനങ്ങളെ മോട്ടോർ സൈക്കിളുകളായി കണക്കാക്കുകയും അവയ്ക്ക് രജിസ്ട്രേഷനും ഇൻഷുറൻസും നിർബന്ധമാക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ റാൻഡം ബ്രീത്ത് ടെസ്റ്റ് നടത്താനും നിയമവിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ടാകും. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയറുകൾക്ക് ഈ നിയമത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ക്വീൻസ്‌ലൻഡിലെ റോഡുകളിൽ ഇ-സ്കൂട്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ.

