Tuesday, May 26, 2026
Home » ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല.
ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല.

by Editor

ന്യൂ ഡൽഹി: ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ടെലിവിഷൻ റേറ്റിംഗ് (TRP) കണക്കാക്കുന്ന രീതിയിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ‘ടിവി റേറ്റിംഗ് പോളിസി 2026’ പ്രഖ്യാപിച്ചു. ചാനലുകൾ പണം നൽകി ലാൻഡിംഗ് പേജുകളിലൂടെ (സെറ്റ്-ടോപ്പ് ബോക്സ് ഓൺ ചെയ്യുമ്പോൾ ആദ്യം വരുന്ന ചാനൽ) നേടുന്ന കൃത്രിമ വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിംഗിൽ ഉൾപ്പെടുത്തില്ല. ലാൻഡിംഗ് പേജുകളെ കേവലം മാർക്കറ്റിംഗ് ടൂളുകളായി മാത്രമേ പരിഗണിക്കൂ.ലാൻഡിംഗ് പേജുകൾ വഴി റേറ്റിംഗ് കൃത്രിമമായി വർദ്ധിപ്പിക്കുന്ന രീതിക്ക് ഇതോടെ അന്ത്യമാകും.

റേറ്റിംഗ് കണക്കാക്കുന്നതിനായുള്ള മീറ്റേഡ് ഹോമുകളുടെ എണ്ണം ആറ് മാസത്തിനുള്ളിൽ 80,000 ആയും, പിന്നീട് ഘട്ടം ഘട്ടമായി 1,20,000 ആയും ഉയർത്താൻ നിലവിലെ ഏജൻസികളോട് നിർദ്ദേശിച്ചു. കേബിൾ, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി, കണക്റ്റഡ് ടിവി എന്നിവയിലൂടെയുള്ള കാഴ്ചക്കാരെയും ഇനി മുതൽ കൃത്യമായി അളക്കണം. പുതിയ നയം അനുസരിച്ച് 50 ശതമാനം ബോർഡ് അംഗങ്ങളും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്ക് മൂന്ന് മാസം വരെ സസ്പെൻഷനും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാനും നയത്തിൽ വ്യവസ്ഥയുണ്ട്.

റേറ്റിംഗ് ഏജൻസികൾ തുടങ്ങുന്നതിനുള്ള മിനിമം നെറ്റ് വർത്ത് 20 കോടി രൂപയിൽ നിന്നും 5 കോടി രൂപയായി കുറച്ചു. ഇത് കൂടുതൽ സ്വതന്ത്ര ഏജൻസികൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ അവസരമൊരുക്കും. ഇത് മത്സരവും സുതാര്യതയും വർദ്ധിപ്പിക്കാൻ സഹായിക്കും. റേറ്റിംഗ് ഏജൻസികൾ ഓരോ മൂന്ന് മാസം കൂടുമ്പോഴും ആഭ്യന്തര ഓഡിറ്റും വർഷത്തിലൊരിക്കൽ പുറമെ നിന്നുള്ള ഓഡിറ്റും നടത്തണം. നിയമലംഘനങ്ങൾ നടത്തുന്ന ഏജൻസികൾക്കെതിരെ റേറ്റിംഗ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകും. റേറ്റിംഗുമായി ബന്ധപ്പെട്ട പരാതികൾക്ക് 3 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും 10 ദിവസത്തിനുള്ളിൽ പരിഹാരം കാണുകയും വേണം. ഇതിനായി അപ്പലേറ്റ് അതോറിറ്റിയും നോഡൽ ഓഫീസറും ഉണ്ടാകും.

Send your news and Advertisements

You may also like

error: Content is protected !!