മെൽബൺ: ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ നിയമങ്ങൾ കടുപ്പിച്ചതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ നിരസിക്കപ്പെടുന്നത് 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 40% വിസകളും നിരസിക്കപ്പെട്ടു. വ്യാജ രേഖകൾ തടയുന്നതിനും കുടിയേറ്റം നിയന്ത്രിക്കുന്നതിനുമായി ഇന്ത്യയെ ‘ഹൈ റിസ്‌ക്’ (Evidence Level 3) വിഭാഗത്തിലേക്ക് മാറ്റിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം
വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓസ്ട്രേലിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2026 ന്റെ തുടക്കം മുതൽ വിസ നിരസിക്കപ്പെടുന്നവരുടെ എണ്ണം സർവ്വകാല റെക്കോർഡിലെത്തി. പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 32.5 ശതമാനം നിരസിക്കപ്പെട്ടു. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025 ൽ ഇത് 15.5 ശതമാനം മാത്രമായിരുന്നു.
നേപ്പാളിൽ നിന്നുള്ള അപേക്ഷകളിൽ 60.2 ശതമാനം, ബംഗ്ലാദേശിൽ നിന്നുള്ളവയിൽ 47.2 ശതമാനം, ഇന്ത്യയിൽ നിന്നുള്ളവയിൽ 40 ശതമാനം എന്നിങ്ങനെ നിരസിക്കപ്പെട്ടു. അതേസമയം ചൈനയിൽ നിന്നുള്ള അപേക്ഷകളിൽ നിരസിക്കൽ നിരക്ക് 3 ശതമാനം മാത്രമായി നിലനിൽക്കുകയാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള ‘സിംപ്ലിഫൈഡ് സ്റ്റുഡൻ്റ് വിസ ഫ്രെയിംവർക്ക്’ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി. എവിഡൻസ് ലെവൽ രണ്ടിൽ നിന്ന് മൂന്നിലേക്ക് മാറ്റിയതോടെ അപേക്ഷകർ ഇനി മുതൽ കൂടുതൽ സാമ്പത്തിക രേഖകളും പഠനലക്ഷ്യം വ്യക്തമാക്കുന്ന വിശദമായ രേഖകളും ഹാജരാക്കേണ്ടി വരും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആകെ 34,000 വിസകൾ മാത്രമാണ് ഓസ്ട്രേലിയ അനുവദിച്ചത്. കോവിഡ് കാലഘട്ടം മാറ്റിനിർത്തിയാൽ 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും പാർപ്പിട സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാണ് ഓസ്ട്രേലിയൻ സർക്കാർ ഈ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

