Tuesday, May 26, 2026
Home » 63-ന്റെ പൊൻതിളക്കം; സുജാതാ മോഹന് ജന്മദിനാശംസകൾ
63-ന്റെ പൊൻതിളക്കം; സുജാതാ മോഹന് ജന്മദിനാശംസകൾ

63-ന്റെ പൊൻതിളക്കം; സുജാതാ മോഹന് ജന്മദിനാശംസകൾ

വിനോദ് കട്ടച്ചിറ

by Editor

എറണാകുളത്തെ ക്ഷണിക്കപ്പെട്ട സദസ്സിനുമുൻപാകെ 53 വർഷം മുൻപൊരു സന്ധ്യാനേരത്ത്, ഒരു കൊച്ചുവാനമ്പാടിയുടെ ഓടക്കുഴൽ വിളിനാദം ഒഴുകിയൊഴുകിയെത്തുന്നു. എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഗാനമാണ് പത്തു വയസ്സുകാരിയിൽ നിന്നൊഴുകുന്നത്. പാട്ടിൽലയിച്ച് സദസ്സാകെ ആ കുട്ടിയിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പാദസരം കിലുങ്ങുന്ന പോലെയായിരുന്നു ആ സ്വരം.

ബേബി സുജാതയെന്ന ഗായികയുടെ ഉദയമായിരുന്നവിടെ. കഥയവിടംകൊണ്ടും തീർന്നില്ല. പാട്ട് ഏവർക്കുമിഷ്ടമായതോടെ ആ ഗാനം ആകാശവാണിയേറ്റെടുത്തു. ആകാശവാണിയിലെയും സൂപ്പർഹിറ്റ്ഗാനമായതോടെ അവർ നേരിട്ട് സുജാതയ്ക്ക് “ബിഹൈ” ഗ്രേഡും കൊടുത്തു. പിന്നെയങ്ങോട്ട് പാട്ടുകളുടെ മുത്തുകൾ കൊണ്ട്‌ സുജാത ആസ്വാദകരുടെ മനസ്സിലെ മുറംനിറയ്ക്കുകയായിരുന്നു.

രണ്ടുവർഷം പോകെ കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാലയും ചാർത്തി ടൂറിസ്റ്റ് ബാഗ്‌ളാവിലൂടെ ബേബി സുജാത സിനിമയിലെത്തി. പിന്നീടൊരിക്കലും സുജാതയെന്ന ഗായികയ്ക്ക് പാട്ടുകളില്ലാത്ത സമയമില്ലായിരുന്നു. അരനൂറ്റാണ്ടോളമാകുന്നു, ലോകമലയാളികളുടെമനസ്സിൽ സുജാതയെന്ന വാനമ്പാടി ശുദ്ധസംഗീതത്തിന്റെ തേൻമഴ പെയ്തുനിറയ്ക്കാൻതുടങ്ങിയിട്ട്. കുപ്പിവളക്കിലുക്കം പോലെയുള്ള സ്വരത്തിൽ പാടിവച്ച ഗാനങ്ങളോരോന്നും സംഗീത പ്രേമികളുടെഹൃദയത്തിൽ മയിൽപ്പീലിയായ്‌ തഴുകുകയാണിന്നും.

ഒൻപതാംവയസ്സിൽ ആബേലച്ചന്റെ അനുഗ്രഹത്തോടെ തുടങ്ങിവച്ച പാട്ടുത്സവം, പവിഴമഴ പൊഴിയുന്ന പ്രണയമണിത്തൂവലായും, വരമഞ്ഞാളാടിയരാവുകളായും, കാണാത്തീരത്തെ അമ്പാടിപ്പൈയുകളായും, മലയാളമണ്ണിൽ മിന്നൽക്കൈവളചാർത്തിനിൽക്കുന്നു.

ഗാനഗന്ധർവ്വനോടൊപ്പം രണ്ടായിരത്തിലധികം വേദികളിലാണ് സുജാത പാടിയിട്ടുള്ളത്. മലയാള സിനിമയിൽ ഒട്ടുമിക്ക സംഗീത സംവിധായകരുടെയും ഈണത്തിൽ പാടാൻ കഴിഞ്ഞുവെങ്കിലും നടക്കാതെ പോയൊരു മോഹമിന്നും സുജാതയെ വിഷമിപ്പിക്കുന്നുണ്ടാവാം. താനൊരുപാടിഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന, ദേവരാജൻമാസ്റ്ററുടെ ഒരു ഗാനം പാടുവാൻ അവസരം കിട്ടാതെ പോയിയെന്നത് എന്നുമൊരു ദുഃഖമായവശേഷിക്കും.

ഗായിക സുജാതാ മോഹൻ ഇന്ന് 63-ന്റെ നിറവിൽ. (ജന്മദിനം: മാർച്ച് 31)
മുത്തുമണികൾപോലെ കിലുങ്ങുന്ന നിത്യഹരിതനാദമാണെന്നും സുജാതയ്ക്ക്.
പതിറ്റാണ്ടുകളായി നമ്മുടെഹൃദയങ്ങളിൽ പാട്ടിൻ്റെ മഴത്തുള്ളികൾ തോരാതെ നിറയ്ക്കുന്ന ഭാവഗായികയ്ക്ക് ഇനിയും മലയാളത്തെ സംഗീതസാന്ദ്രമാക്കാനാകട്ടെ.

ജന്മദിനാശംസകൾ.

വിനോദ് കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!