ന്യൂഡൽഹി: 2008 നവംബർ 26 -ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) കോടതി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങാണ് റാണയെ 18 ദിവസത്തേയ്ക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
രാത്രി പത്തരയോടെയാണ് റാണയെ പട്യാല ഹൗസ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്, തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്ദേവ റാണയ്‌ക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകളും എൻഐഎ കോടതിയിൽ ഹാജരാക്കി.
എൻഐഎ ആസ്ഥാനത്ത് വച്ച് തന്നെയാകും റാണയെ എൻഐഎ സംഘം ചോദ്യം ചെയ്യുക. ഡിജി അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുക. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്നലെ വൈകിട്ട് ആണ് ഇന്ത്യയിലെത്തിച്ചത്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.
തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നു, എന്തിന്? ലോക്നാഥ് ബെഹ്റ.