മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ. ഒരുപാട് തവണ വന്നുവെന്നും ഇമിഗ്രേഷന്‍ വകുപ്പിൽ അതിനുള്ള തെളിവുകളുണ്ടെന്നും ബെഹ്‌റ പറഞ്ഞു. 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന സുപ്രധാന വിവരങ്ങളിൽ ഇവയും പെടും. എന്തിനു വന്നു എന്ന കാര്യങ്ങൾക്കൊക്കെ ഇനി വ്യക്തത ലഭിച്ചേക്കുമെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ കൂടിയായിരുന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നത്. നിലവിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം.
നവംബര്‍ പകുതിയോടെ റാണ കൊച്ചിയിലെത്തി. മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് താമസിച്ചത്. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നു. റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് വിവരം. റാണയെ ഇന്ത്യക്ക് കിട്ടിയതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വന്നേക്കുമെന്ന് ബെഹ്റ പറയുന്നു.
തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്റ. മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ യുഎസിലെത്തി ചോദ്യം ചെയ്‌ത സംഘത്തിൽ ബെഹ്റയും ഉൾപ്പെട്ടിരുന്നു. ഹരിദ്വാറിലെ കുംഭമേള, രാജസ്ഥാനിലെ പുഷ്കർ മേള എന്നിവയും ഭീകരർ ലക്ഷ്യമിട്ടിരുന്നെന്നും ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്നലെ വൈകിട്ട് ഇന്ത്യയിലെത്തിച്ചു. എൻഐഎ അറസ്റ്റ് രേഖപ്പെടുത്തി. റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലാണ് കൈമാറ്റത്തിനു മേൽനോട്ടം വഹിക്കുന്നത്. ഡിജി അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുക. റാണയ്ക്കെതിരെയുള്ള ദേശിയ അന്വേഷണ ഏജൻസിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.