ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചതോടെ നിയമമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ മന്ത്രാലയം നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും.
അതേസമയം, കോണ്‍ഗ്രസ്, എഐഎംഐഎം, ആം ആദ്മി പാര്‍ട്ടി (എഎപി) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യങ്ങളും മതസ്വാതന്ത്ര്യവും ലംഘിക്കുന്നതായാണ് പ്രധാനമായും അവർ ഉന്നയിച്ചിരിക്കുന്ന ആരോപണം.
ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ലോക്സഭയിലെ രണ്ട് പേരും രാജ്യസഭയിലെ മൂന്ന് പേരും ഉൾപ്പെടെ മൊത്തം അഞ്ച് ലീഗ് എംപിമാരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നു എന്നാരോപിച്ചാണ് കത്തിൽ അവരുടെ നിലപാട് രേഖപ്പെടുത്തിയത്. മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ ഇടപെടലാണ് ഈ നിയമഭേദഗതിയിൽ അടങ്ങിയിരിക്കുന്നത് എന്നും അവർ ആരോപിച്ചു.
1995-ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്‌റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്‌ത പാർലമെൻ്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്.