ദമാസ്കസ്: കലാപം കെട്ടടങ്ങാതെ സിറിയ. മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്‌ക്കുന്നവരും സൈന്യവും തമ്മിൽ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് സ്വാധീനമുള്ള തീരമേഖലകളിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. മെഡിറ്ററേനിയൻ തീരത്തോട് ചേർന്നുള്ള മേഖലകളിൽ അസദ് അനുകൂലികളും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ. നിരവധി സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ച് തെരുവുകളിലൂടെ നടത്തിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസദ് അനുകൂലികളായ അലവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ സൈന്യത്തിന്റെ ചെക് പോസ്റ്റുകള്‍ക്കും വാഹനവ്യൂഹങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
കലാപം പൊട്ടിപ്പുറപ്പെട്ട ലറ്റക്കിയയിലും ടാർട്ടസിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലറ്റക്കിയ നഗരമേഖലകളിൽ വൈദ്യുതിയും കുടിവെള്ള വിതരണവും അപ്പാടെ നിലച്ചിരിക്കുകയാണ്. ബ്രിട്ടൺ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം 745 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പുറമേ, 125 സുരക്ഷാ ഉദ്യോഗസ്ഥരും അസദ് അനുകൂല സായുധ ഗ്രൂപ്പുകളിലെ 148 അംഗങ്ങളും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കുന്നത്. സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷവും സംഘർഷത്തിന് അയവുവന്നിട്ടില്ല.
നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽഷാറ മുന്നറിയിപ്പ് നൽകി. അക്രമം അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വയ്‌ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷം രൂക്ഷമായ മേഖലകളിലെല്ലാം കർഫ്യു തുടരുകയാണ്.