ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 2.30-നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം തോറ്റ കിവീസും കലാശപ്പോരിൽ മാറ്റുരക്കുമ്പോള്‍ ആവേശപ്പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മക്ക് കീഴില്‍ മൂന്നാം ഐസിസി ഫൈനലിനിറങ്ങുമ്പോൾ കണക്കിലും താരത്തിളക്കത്തിലും ഇന്ത്യ തന്നെയാണ് കരുത്തർ. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 2024-ലെ ടി-20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കിരീടം നേടി.
ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമാണ്. പാക്കിസ്ഥാനെ വീഴ്ത്തിയ പിച്ചിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത് സ്പിൻ കരുത്തിലാണ്. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയായേക്കും. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.