ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ജനാധിപത്യ സൂപ്പർ പവറായി ഉയർന്നിരിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ചൈനയ്‌ക്ക് പകരക്കാരനാകാനുള്ള എല്ലാ കഴിവും ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്‌ട്രം എന്ന നിലയിലും, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന നിലയിലും ചൈനയ്‌ക്ക് പകരമാകാൻ ഇന്ത്യയ്‌ക്ക് സാധിക്കും. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇന്ന് ഇരട്ടിയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ വിതരണ ശൃംഖലകളിൽ ചൈനയ്‌ക്ക് പകരക്കാരനാകാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ടോണി അബോട്ട് പറഞ്ഞു.
“ഞാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ, ഇന്ത്യ ലോകത്തിലെ ഉയർന്നുവരുന്ന ജനാധിപത്യ സൂപ്പർ പവർ രാജ്യമാണെന്ന് ഞാൻ പറയാറുണ്ടായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശരിക്കും ഉയർന്നിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ ജനാധിപത്യ സൂപ്പർ പവറാണ് ഇന്ത്യ. ലോക വേദികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയൊരു വ്യക്തിത്വം സൃഷ്ടിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു” ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോണി അബോട്ട് ഇന്ത്യയെ പ്രശംസിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ടോണി അബോട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഉറ്റസുഹൃത്തിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം എപ്പോഴും ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.