പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അഗർവാൾ, പ്രഭാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം മുകേഷ് കുമാർ സിംഗാണ് സംവിധാനം ചെയ്യുന്നത്. കണ്ണപ്പയുടേതായി പുറത്തെത്തിയ ആദ്യ ടീസർ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പരിപാടിയിലാണ് ടീസർ റിലീസ് ചെയ്തത്. അക്ഷയ് കുമാർ, വിഷ്ണു മഞ്ചു തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പുരാണകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അതിഥി വേഷത്തിലാണ് അക്ഷയ് കുമാറും മോഹൻലാലും എത്തുന്നത്. തന്റെ ആത്മീയ യാത്രയാണ് കണ്ണപ്പ എന്നാണ് വിഷ്ണു മഞ്ചു ചിത്രത്തെ വിശേഷിപ്പിച്ചത്. അചഞ്ചലമായ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് കണ്ണപ്പയെന്നും വിഷ്ണു മഞ്ചു പറഞ്ഞു. വിഷു റിലീസായി ഏപ്രിൽ 25-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്കു, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ആറ് ഭാഷയിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സംവിധായകൻ മുകേഷ് കുമാറിന്റെ ആദ്യ ചിത്രം കൂടിയാണ് കണ്ണപ്പ.