ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സംഗമത്തിന് ഉത്തർ പ്രദേശ് ഒരുങ്ങി. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് പൂർണകുംഭമേള. ഗംഗയും യമുനയും സരസ്വതിയും, ത്രിവേണി സംഗമം കൊണ്ട് പവിത്രമാക്കുന്ന പ്രയാഗ് രാജിൽ 40 കോടി ജനങ്ങളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ ജ്യോതിശാസ്ത്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് കുംഭമേള നടക്കുന്നത്. വ്യാഴത്തിന് സൂര്യന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 12 വർഷമാണ് വേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂർണ കുംഭമേള സംഘടിപ്പിക്കുന്നത്. ഇത്തവണ ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 16 വരെ നീളുന്ന മഹാകുംഭമേളയ്‌ക്കായി വിപുലമായ സംവിധാനങ്ങളാണ് യു പി സർക്കാർ ഒരുക്കിയിരിക്കുന്നത്.
ഇന്ന് പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26-ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. ഇന്ന് (തിങ്കളാഴ്ച) മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. 14 -ന് മകര സംക്രാന്തി ദിനത്തിലും 29 -ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12-ന് മാഘി പൂർണിമ ദിനത്തിലും ഫെബ്രുവരി 26 -ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പുണ്യനദിയിലെ സ്നാനത്തിന് പുറമേ വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാഗമായി നടത്തുക. മതപ്രഭാഷണങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ, പ്രകടനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയാണ് യുപി സർക്കാർ പരിപാടി അവതരിപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഗായകരായ ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ഷാൻ തുടങ്ങിയ ഗായകർ തുടങ്ങിയവർ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുമെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഉദ്ഘാടന ദിവസം ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയോടെയാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. മോഹിത് ചൗഹാന്റെ പരിപാടിയോടെയാകും ആഘോഷങ്ങൾ സമാപിക്കുക. കൈലാഷ് ഖേർ, ഷാൻ മുഖർജി, ഹരിഹരൻ, കവിതാ കൃഷ്ണമൂർത്തി, കവിതാ സേത്ത്, ഋഷബ് റിഖിറാം ശർമ, ഷോവന നാരായൺ, ഡോ. എൽ സുബ്രഹ്മണ്യം, ബിക്രം ഘോഷ്, മാലിനി അവസ്തി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും.
മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ 4.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് നിർമ്മിച്ചിരിക്കുന്നത്. ഗംഗാതീരത്തിന് സമീപത്തായാണ് കൂറ്റൻ പന്തൽ ഒരുക്കിയത്. ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് പന്തൽ നിർമിച്ചിരിക്കുന്നത്. പ്രയാഗ്‌രാജിലെ പ്രധാന ഭാഗങ്ങളിലൊക്കെ മെഡിക്കൽ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ പൊലീസ് സന്നാഹങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 2,700 എഐ കാമറകൾ സ്ഥാപിച്ചു. ഇതുകൂടാതെ നിരവധി ഡ്രോണുകളും ഉപയോഗിക്കും.
കുംഭമേളയ്‌ക്കെത്തുന്നവർക്ക് അന്നം വിളമ്പുന്നതിനായി ‘മാ കി രസോയി’ ആരംഭിച്ചു. വെറും ഒൻപത് രൂപയ്‌ക്ക് സുഭിക്ഷമായ ആഹാരം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ സംരംഭമാണ് ‘മാ കി രസോയ്’. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാ കി രസോയ് ഉദ്ഘാടനം ചെയ്തത്.
സന്ദർശകരെ സഹായിക്കുന്നത് മുതൽ സ്‌നാനഘട്ടുകളിൽ ഉൾപ്പെടെ അവർക്ക് മാർഗനിർദ്ദേശം നൽകുന്നതിലും സുരക്ഷ ഒരുക്കുന്നതിലും സാങ്കേതികവിദ്യ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായി എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന കുഭമേളയാണിത്. 11 ഭാഷകളിൽ മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചാറ്റ്‌ബോട്ട് നൽകും. വിവിധ ഘാട്ടുകൾ, ക്ഷേത്രങ്ങൾ, അഖാരകൾ തുടങ്ങി ഏതിടത്തേക്കും ഡിജിറ്റൽ നാവിഗേഷൻ വഴികാട്ടും. പാർക്കിംഗ് സ്ഥലങ്ങളിൽ ഉൾപ്പടെ എഐ ക്യാമറകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ മലയാളം ഉൾപ്പെടെ 10 പ്രാദേശിക ഭാഷകളിൽ അറിയിപ്പുകൾ നൽകും. കരയിലും ആകാശത്തും വെള്ളത്തിലും പഴതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ്‌രാജിൽ പ്രത്യേക ലക്ഷ്വറി ടെന്‍റുകൾ ഒരുക്കിയിട്ടുണ്ട്. 14,000 മുതൽ 45,000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാരിന്‍റെ പ്രതീക്ഷ.
എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?