മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടുകയും ഏഴ് കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തിൽ തകർന്നു. ആളുകൾ ഓശാന ഞായറാഴ്ച പള്ളിയിലേക്കു പോകാനായി നിൽക്കുമ്പോഴായിരുന്നു ആക്രമണമെന്നും ജനവാസമേഖലയിലാണ് റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതെന്നുമാണ് യുക്രെയ്ന്റെ ആരോപണം.
ആക്രമണത്തെ ശക്തമായി അപലപിച്ച ഉക്രെയ്ൻ പ്രസിഡൻ്റ് വൊളൊഡിമിർ സെലെൻസ്‌കി റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. ഭീകരത തുടരുന്ന റഷ്യയെ സമ്മർദത്തിലൂടെയോ പിൻമാറ്റാൻ കഴിയൂവെന്നും അദേഹം പ്രതികരിച്ചു.
അതേസമയം 24 മണിക്കൂറിനുള്ളിൽ ബെൽഗൊറോഡ് മേഖലയിലെ രണ്ട് ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഉക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യയും ആരോപിച്ചു. ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങളും 30 ദിവസത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം.