ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ. നിലവിൽ മെഹുൽ ചോക്സി ബെൽജിയം ജയിലിൽ കഴിയുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസിയുടെ നിർദേശ പ്രകാരമാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്. തട്ടിപ്പിന് പിന്നാലെ പണവുമായി ഇന്ത്യ വിടുകയായിരുന്നു. ബെൽജിയം പൗരയായ ഭാര്യ പ്രീതിക്കൊപ്പം ചോക്സി താമസിച്ചുവരികയായിരുന്നു.
മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മെഹുൽ ചോക്സി ബെൽജിയത്തുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ നടന്നത്. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇ.ഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്.