ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. 16 പേരെ കാണാൻ ഇല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ നിയന്ത്രിക്കാനാവാതെ വന്നതിന് പിന്നാലെ 153000 പേരെയാണ് നിർബന്ധിതമായി മേഖലയിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 166000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ടെന്നാണ് അധികൃതർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ജനുവരി ഏഴിനാണ് കാട്ടുതീ ലോസാഞ്ചലസിൽ പടർന്ന് പിടിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വിതച്ചാണ് ലോസാഞ്ചലസ് കാട്ടുതീ മുന്നോട്ട് നീങ്ങുന്നത്. ശക്തമായ കാറ്റുവീശിയതാണ് തീ വേഗത്തിൽ പടരുന്നതിനും വലിയ ദുരന്തമായി മാറുന്നതിനും കാരണമായത്.
തീപിടുത്തത്തിൽ ഏകദേശം 12,000 കെട്ടിടങ്ങൾ നശിക്കുകയും, 426 പേർക്ക് വീട് നഷ്ടമാവുകയും, നിരവധി ആളുകൾക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. കാറ്റ് കൂടുതൽ ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയും വ്യാപനം കൂടാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 15,000 കോടിയിലേറെ ഡോളർ സാമ്പത്തികനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൻ ബാധ്യത എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ഇൻഷുറൻസ് കമ്പനികൾ. തീപിടിത്തത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ ഇൻഷുറൻസ് കമ്പനികൾക്ക് ഫെഡറൽ സഹായം നൽകുമെന്നും ഭവനവായ്പ തിരിച്ചടവിന് സാവകാശം നൽകുമെന്നും അറിയിച്ചു.