കോയമ്പത്തൂർ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്‌റ്റിൽ. കോയമ്പത്തൂര്‍ കിങ്‌സ് ജനറേഷന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്പത്തൂര്‍ പോലീസ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂര്‍ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോണിനെതിരായ കേസ്. സംഭവത്തിൽ ജോൺ ജെബരാജിനെതിരെ തമിഴ്നാട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കോയമ്പത്തൂരിലെ പ്രതിയുടെ വീട്ടില്‍വെച്ച് കഴിഞ്ഞവര്‍ഷം മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടികളിലൊരാള്‍ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മദ്രാസ് ഹൈക്കോടതിയിൽ ജോൺ ജെബരാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.