തിരുവനന്തപുരം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാലാണ് ഡൽഹി പൊലീസ് കുരിശിൻ്റെ വഴിക്ക് അനുമതി നൽകാത്തതെന്നും അതിൽ മറ്റ് വ്യാഖ്യാനങ്ങൾ കണ്ടെത്തേണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചും റാലി നടത്താൻ അനുമതി നൽകിയിരുന്നില്ല. കുരിശിൻ്റെ വഴി തടഞ്ഞതിൽ രാഷ്ട്രീയം കാണേണ്ട എന്നും നുണപ്രചരണം എന്തിന് നടത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു.
ഓശാന ദിനത്തില്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കുരുത്തോല പ്രദക്ഷിണത്തിനായിരുന്നു ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. കാരണം വ്യക്തമാക്കാതെയായിരുന്നു കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതോടെ പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തി. പ്രധാന മന്ത്രി ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദേവാലയമാണ് സേക്രഡ് ഹാര്‍ട്ട്.
ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യനും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ കുരിശിന്റെ വഴി തടഞ്ഞു എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം കേരളത്തിലെ എല്ലാം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്. ഇന്നലെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്രയ്‌ക്കും അനുമതി നൽകിയിരുന്നില്ല. അതുപോലുള്ള പരിപാടികളൊന്നും അനുവദിക്കുന്നില്ല. സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനം’, എന്ന് മന്ത്രി വ്യക്തമാക്കി.
മുംബൈ ഭീരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ 11 നാണ് യുഎസിൽ നിന്നും എൻഐഎ സംഘം ഡൽഹിയിൽ എത്തിച്ചത്. പിന്നാലെ സുരക്ഷ ശക്തമാക്കാൻ വിവിധ സേനകളെ രാജ്യതലസ്ഥാനത്ത് വ്യന്യസിച്ചിട്ടുണ്ട് . ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തഹാവൂർ ഹുസൈൻ റാണയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.