ബ്രിസ്‌ബേൻ: പുതുവത്സരസീസണിൽ ക്വീൻസ്ലാൻഡിൽ കോവിഡ് കേസുകൾ ഇരട്ടിയായി. കോവിഡിന്റെ പുതിയ വകഭേദം ആണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ശരാശരി 258 ക്വീൻസ്ലാൻഡുകാരെ ദിവസേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതായി ക്വീൻസ്ലാൻഡ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ഹെയിഡി കാരോൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ പ്രവേഷിപ്പിച്ചവരുടെ എണ്ണത്തിൽ 128 ശതമാനം വർദ്ധനവ് സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു ആഴ്ചയായി സൺഷൈൻ സ്റ്റേറ്റിൽ കണ്ടെത്തിയ കേസുകളിൽ 44 ശതമാനം പുതിയ COVID വകഭേദമായ XEC ആണെന്ന് കണ്ടെത്തി, ഇത് ഓസ്ട്രേലിയയിൽ വ്യാപിക്കുന്ന ഏറ്റവും പുതിയ വകഭേദമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ കൂടുതലും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരും വാക്‌സിനേഷൻ അപ്‌ഡേറ്റായിട്ടില്ലാത്തവരുമാണ് എന്ന് ഡോ. കാരോൾ പറഞ്ഞു. ഇത് ആശങ്ക ഉളവാക്കുന്നു എന്നും ഈ അവധിക്കാല സീസണിൽ വൈറസ് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം എന്ന് അഭ്യർഥിച്ചു.
ഡിസംബർ മധ്യത്തോടെ ക്വീൻസ്ലാൻഡിലെ ആശുപത്രികളിൽ 305 COVID രോഗികളുണ്ടായിരുന്നു, ഇതിൽ 77 ശതമാനം 65 വയസ്സിനും അതിന് മുകളിലുമുള്ളവരായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ ക്വീൻസ്ലാൻഡിൽ 70,023 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 13,464 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. XEC എന്ന പുതിയ COVID വകഭേദം ചൂടുള്ള മാസങ്ങളിൽ കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും, ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഇതുവരെ വ്യക്തമല്ല എന്നും, കൂടുതൽ പഠനം ആവശ്യമാണെന്നും ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ബയോമെഡിസിൻ ആൻഡ് ഗ്ലൈകോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ലാറ ഹെററോ പറഞ്ഞു.