Friday, April 18, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സ്മരണാഞ്ജലി… റോസമ്മ പുന്നൂസ് (1913-2013)
സ്മരണാഞ്ജലി... റോസമ്മ പുന്നൂസ് (1913-2013)

സ്മരണാഞ്ജലി… റോസമ്മ പുന്നൂസ് (1913-2013)

by Editor
Mind Solutions

കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയായ റോസമ്മ പുന്നൂസ് ഓർമ്മയായിട്ട് പതിനൊന്നാണ്ട്. 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊട്ടേം സ്പീക്കറും റോസമ്മ പുന്നൂസാണ്. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13-നു ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരള നിയമസഭകളിൾ അംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്.

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന  സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാൻ സഹോദരിയാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാ മന്ത്രിയായി നിയമിക്കപ്പെട്ട കെ.ആർ. ഗൗരി, അയിഷാ ബായ്, റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും ലീലാ ദാമോദരമേനോൻ, കുസുമം ജോസഫ്, ശാരദ കൃഷ്ണൻ എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു.

ഒന്നാംനിയമസഭയുടെ പ്രോടേം സ്പീക്കർ (സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള ആദ്യസമ്മേളനം നിയന്ത്രിക്കുന്ന ആൾ) റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10-ന് പ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി.1982-ൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച റോസമ്മ അപ്രാവശ്യം എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് പരാജയപ്പെട്ടു. പക്ഷേ, പിന്നീട് 1987-ൽ എട്ടാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായരെ (എൻ.ഡി.പി.) 23908 -നെതിരെ 36742 വോട്ടുകൾക്ക് തോൽ‌പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്‌. ആധുനികകേരളത്തിന്റെ ആദ്യകാലരാഷ്ട്രീയചരിത്രത്തിലെ ഒരു തിളങ്ങുന്ന കഥാപാത്രമായിരുന്നു റോസമ്മ പുന്നൂസ്. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു. സി പി ഐ നേതാവായിരുന്ന പി ടി പുന്നൂസ് ആയിരുന്നു ഭർത്താവ്. മക്കൾ തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.

1957-ലെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദ് ചെയ്തതുമൂലം 1958-ൽ ദേവികുളം ഉപതിരഞ്ഞെടുപ്പ് നടന്നു. 1957-ൽ ദേവികളും എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതാണ് കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസ് (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ആ മഹദ് വനിതയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.

പ്രസാദ് എണ്ണയ്ക്കാട്

Top Selling AD Space

You may also like

error: Content is protected !!