എം ടി എന്നു പോലും കേട്ടിട്ടില്ലാത്ത പ്രായത്തിൽ തിയേറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് “ഓപ്പോൾ”.
അന്നൊക്കെ തീയറ്ററില്‍ ഒരു സിനിമ കാണാൻ പോവുക അപൂർവ്വമാണ്. വർഷത്തിൽ ഒരു സിനിമ കണ്ടാലായി. എന്തുകൊണ്ട് ഓപ്പോൾ തിയേറ്ററില്‍ പോയി കണ്ടുയെന്നറിയില്ല.
സിനിമ ഒന്നും മനസ്സിലായില്ല. എങ്കിലും ഓർമ്മയിൽ ചില രംഗങ്ങളുണ്ട്. മേനക വിവാഹം കഴിഞ്ഞ് ദൂരെ ബാലൻ കെ നായരുടെ വീട്ടിലേക്ക് പോകുന്നതും അപ്പു അമ്മേ തിരക്കി പോകുന്നതും. എന്തു കൊണ്ടോ ഈ രംഗങ്ങൾ മനസ്സിൽ ഒരുപാട് നാൾ തങ്ങി നിന്നു. വേദനയോടെ ഇടയ്ക്കിടെ ഓർത്തു.
പിന്നീട് കോളേജിൽ ജോലി കിട്ടിയപ്പോൾ പല വർഷങ്ങളിലായിട്ട് ഒരുപാട് തവണ ഓപ്പോൾ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽപോലും ആ സിനിമ വീണ്ടും കാണണമെന്ന് തോന്നിയിട്ടില്ല. എന്തോ ആ സിനിമ കണ്ടിരിക്കാൻ പറ്റില്ലയെന്ന് തോന്നി. ഈയിടെ അതിന്റെ ഓഡിയോ ഒന്നു കൂടി കേട്ടു. എല്ലാം മനസ്സിൽ കണ്ടു. ഹൃദയംകൊണ്ട് എങ്ങനെയാ ഇങ്ങനെ എഴുതുക.
എങ്ങനെയാ അമ്മയെ ഓപ്പോളേ എന്ന് വിളിക്ക.
ഇന്നൊരു പത്രത്തിൽ കണ്ടു:
പ്രിയ എം ടി
നന്ദി
ഇവിടെ ജീവിച്ചതിന്. . .
എഴുതിയതിന്. . .
ഒരു എഴുത്തുകാരൻ ഒരിക്കലും വായനക്കാരന് വേണ്ടി എഴുതുന്നില്ല. അയാൾ അയാൾക്ക് വേണ്ടിയാണ് എഴുതുന്നത്. അയാൾക്ക് എഴുതിയാലെ ജീവിക്കാൻ പറ്റൂ എഴുതിയാലെ ശ്വസിക്കാൻ പറ്റൂ. എംടിയെ പോലൊരു Emotional Intellectual ന്റെ survival need ആയിരുന്നു എഴുത്ത്. അദ്ദേഹത്തിന്റെ എഴുത്ത് മറ്റൊരു രീതിയിൽ നമ്മുടെയൊക്കെ survival strategy ആയി മാറി.
മിനി ബാബു