Sunday, April 20, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

by Editor
Mind Solutions

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.

1932 സെപ്റ്റംബർ 26-ന് ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. പഞ്ചാബ് സർവകലാശാലയിലെ അധ്യാപകനായാണ് തുടക്കം. പിന്നീട് ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്ന അദ്ദേഹം അധ്യാപനത്തിലേക്ക് തിരിച്ചെത്തി. 1966 -ൽ യുഎന്നിൻ്റെ ഭാഗമായി. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972-ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 -ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 -ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു. രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87) പ്രവർത്തിച്ചു. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ  പ്രധാനമന്ത്രി നരസിംഹ റാവു ക്ഷണിച്ചു. 1991-ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഗുര്‍ശരണ്‍ കൗറാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പത്നി. മൂന്ന് പെൺ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകൾ ഉപീന്ദർ സിങ് ദില്ലി സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകൾ ദമൻ സിങ് എഴുത്തുകാരിയാണ്. ഇളയ മകൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയാണ്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം.

ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദ​ഗ്ധനായി മുന്നേറി. ധനമന്ത്രി ഉൾപ്പെടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയെന്നും നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

Top Selling AD Space

You may also like

error: Content is protected !!