മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ അടഞ്ഞു കിടന്നു. പിന്നെ കിട്ടിയ വിലയ്ക്കു വിറ്റു. അകാലത്തില്‍ തങ്ങളെ വിട്ടു മാഞ്ഞുപോയ മകളുടെ ആത്മാവിനായി, അവളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ ഇപ്പോഴും കോയമ്പത്തൂരിലുണ്ട്.”
“അവര്‍ പോയത് കുറെ നാളുകള്‍ക്കുശേഷം ഞാന്‍ അറിഞ്ഞു.”
“അത് ഏതായാലും നന്നായി.” പരിഹാസത്തോടെ മഹാഗൗരി പറഞ്ഞു.
“അന്നു തിരികെപ്പോകുമ്പോള്‍ നടന്ന അപകടത്തില്‍ എന്റെ കാലുകള്‍ക്കു രണ്ടിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ ഉണ്ടായി. ചെറി മരണമടഞ്ഞു. അച്ഛന്‍ എന്നെ പിന്നെയവിടെ പഠിപ്പിച്ചില്ല. ചെന്നൈയിലായിരുന്നു തുടര്‍പഠനം. സത്യം പറഞ്ഞാല്‍ അന്വേഷിക്കാന്‍ ഭയമായിരുന്നു.”
“പൊള്ളുന്ന നിനവുകളെ പുനര്‍വിചാരണയ്ക്ക് എടുക്കുകയല്ല, എന്നാലും നിങ്ങള്‍ അറിയണം ഞാന്‍ അനുഭവിച്ചത്. കാതു കൂര്‍പ്പിച്ചു കേള്‍ക്കണം. ഞാന്‍ ജേര്‍ണലിസം പഠിച്ചതുതന്നെ, നിങ്ങള്‍ക്കെതിരേ, നിങ്ങളെപ്പോലെയുള്ള കശ്മലന്മാര്‍ക്കെതിരേ പടവാളുയര്‍ത്താനാണ്. എനിക്ക് കിട്ടാതെപോയ നീതി, രണ്ടാള്‍ക്കെങ്കിലും വാങ്ങിക്കൊടുക്കാന്‍.
പീഡനത്തിനിരയായ പല പെണ്‍കുട്ടികളും പിന്നീട് ആത്മഹത്യ ചെയ്തിട്ട് കുറ്റവാളികള്‍ സമൂഹത്തില്‍ വിലസുന്നത് നാം കണ്ടിട്ടുണ്ട്.
ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്നുറപ്പിച്ചു; എന്തുവന്നാലും… ഞങ്ങളല്ലല്ലോ തെറ്റു ചെയ്തത്. ഞങ്ങളെ നശിപ്പിച്ചവരാണ് തെറ്റുകാര്‍. കുറ്റബോധത്തിന്റെ ആവശ്യമില്ലെന്ന് ഈ ലോകത്തോടു വിളിച്ചു പറയാനുംകൂടിയാണ് ഞാന്‍ തുടര്‍ന്നു ജീവിക്കാനുറച്ചത്.”
“എങ്കിലും രണ്ടു വര്‍ഷം ഞാന്‍ കരഞ്ഞു. പിന്നെ ഇന്ന് നിങ്ങളുടെ മുമ്പില്‍ വച്ചാണ് എന്റെ കണ്ണുനിറഞ്ഞത്. പക്ഷേ, അത് കണ്ണുനീരല്ല, എന്റെ വേദനയില്‍നിന്ന് ഉറപൊട്ടിയ അഗ്‌ന്യസ്ത്രമാണ്, നിങ്ങളെ ചുട്ടുകരിക്കാന്‍… കഥ ഇവിടെ തീരുന്നില്ല ഗിരിധര്‍, തുടങ്ങിയിട്ടേയുള്ളൂ.”
“ഞാന്‍ എന്ത് ചെയ്താല്‍ ഇതിനു പരിഹാരമാകും? മഹാഗൗരിയുടെ നഷ്ടപ്പെട്ട കൊലുസ്സ് ഇന്നും ഒരു ചെറിയ ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത് എന്നെ ഓര്‍മ്മപ്പെടുത്താനാണ്. ഞാന്‍ ചെയ്ത തെറ്റിനെ, പക്ഷേ, നമ്മള്‍ എന്നെങ്കിലും കണ്ടുമുട്ടും എന്ന് കരുതിയതേയില്ല.”
“ഈ ഒറ്റക്കാലിലെ കൊലുസ്സ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്, അന്ന് എനിക്ക് നഷ്ടപ്പെട്ട എന്നെയാണ്. കൊത്തിപ്പറിച്ച എന്റെ ജീവിതം. എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ട എന്റെ നന്ദ.”
പെട്ടെന്ന് അവര്‍ക്കിടയില്‍ കുറേസമയം മൗനം പടര്‍ന്നു. വേദനയില്‍ കുറ്റബോധത്തില്‍ ഉരുകുന്ന ഗിരിധറിനെ മഹാഗൗരി നോക്കിയിരുന്നു.
പതുക്കെ അവള്‍ ദുര്‍ഗ്ഗാഭാവത്തില്‍നിന്നു ദേവീഭാവത്തിലേക്കു മാറുന്നതുപോലെ അയാള്‍ക്ക് തോന്നി.
ഒറ്റക്കൊലുസ്സിട്ട അവളുടെ കാലുകളില്‍ പിടിച്ചു ക്ഷമ ചോദിക്കാന്‍… ക്ഷമിച്ചു എന്നൊരു വാക്ക് അവളില്‍നിന്ന് ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാന്‍ അയാള്‍ മോഹിച്ചു.
അവസാനം സകല ശക്തിയും സംഭരിച്ച് അയാള്‍ പിന്നെയും ചോദിച്ചു:
“ക്ഷമിച്ചൂടെ?”
“ഞാന്‍ സത്യത്തില്‍ എന്നേ നിങ്ങളോട് ക്ഷമിച്ചു. അല്ലെങ്കില്‍ ഈ നിമിഷം നിങ്ങള്‍ എന്റെ മുമ്പില്‍ ഇങ്ങനെ ഇരിക്കില്ല. വര്‍ഷങ്ങളെടുത്തു ഈ നിലയില്‍ ഞാന്‍ എത്താന്‍. പക്ഷേ, നിങ്ങളെപ്പോലെ ഒരാളെ ജനപ്രതിനിധിയാക്കരുതെന്നു ഞാന്‍ പ്രതിജ്ഞയെടുത്തു. അത് നടന്നു. നിങ്ങള്‍ എനിക്ക് ഒരു എതിരാളിയല്ല മിസ്റ്റര്‍ ഗിരിധര്‍. പക്ഷേ, നടന്നതൊന്നും മറക്കില്ല.
നിങ്ങളോടു ക്ഷമിച്ചതുവഴി ഞാന്‍ എന്നെയാണ് സഹായിച്ചത്. എനിക്കു മുമ്പോട്ടുപോകാന്‍ അത് ആവശ്യമായിരുന്നു. എവിടെയോ വായിച്ചതുപോലെ, Forgive others not because they deserve forgiveness but because you deserve peace. എനിക്ക് എന്റെ മുമ്പോട്ടുള്ള ജീവിതത്തിനു സമാധാനം വേണ്ടിയിരുന്നു.”
പിന്നെയും ഗിരിധര്‍ കുറച്ചു വെള്ളമെടുത്തു കുടിച്ചു.
“മഹാഗൗരിക്ക് എന്നോട് ക്ഷമിക്കാന്‍ സാധിച്ചല്ലോ, അതുമതി. ഒരു കാര്യം പറഞ്ഞാല്‍ അത് നിരാകരിക്കരുത്.”
“എന്താണ്?”
“ഇതിനെല്ലാം പരിഹാരമായി നമുക്ക് ഒന്നിച്ച് ഒരു ജീവിതം ആരംഭിക്കാം. റിയലി ഐ വുഡ് ലൈക് ടു മാരി യു.”
കുപിതയായ മഹാഗൗരി ചാടിയെഴുന്നേറ്റു. അയാളുടെ പിടലി പിടിച്ച് ഒടിക്കാനെന്നപോലെ പാഞ്ഞടുത്തു.
ഒരു നിമിഷം കൊണ്ട് അവള്‍ക്കു സ്ഥലകാലബോധം ഇല്ലാതെ പോയി.
ഗിരിധറും ഒന്ന് ആടിയുലഞ്ഞു.
“താന്‍ എന്താ പറഞ്ഞത്? തന്നെ കല്യാണം കഴിക്കാനോ? ഒരു പുരുഷനെപ്പോലും എന്റെ ജീവിതത്തില്‍ ഇത്രയുംനാള്‍ ഞാന്‍ കൂടെക്കൂട്ടാഞ്ഞത് എന്തുകൊണ്ടാണ് എന്നറിയുമോ? എനിക്ക് അന്ന് കിട്ടിയ ആ ആഘാതം, ഏറ്റ മുറിവ്, മുറിച്ചു മാറ്റപ്പെട്ട എന്റെ ഗര്‍ഭപാത്രം. ഒരിക്കലും ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കാന്‍ എനിക്കാവില്ല. ഏതു പുരുഷന്‍ എന്റെ അടുത്തേക്കുവന്നാലും എനിക്കുചുറ്റും നിങ്ങളുടെ ഗന്ധം നിറയും. നിങ്ങള്‍ക്കൊക്കെ ഒരു വിചാരമുണ്ട്, ഒരു പെണ്ണിനെ ബലാല്‍ക്കാരമായി കീഴടക്കി, അവളുടെ സമ്മതമില്ലാതെ അവളെ ഭോഗിക്കുക, അതിനു പരിഹാരമായി കല്യാണം കഴിക്കുക. ഇത്രയും പഠിപ്പുള്ള തനിക്ക് എങ്ങനെ അത് ചോദിക്കാന്‍ തോന്നി! ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്ണിന് അത് ചെയ്യുന്ന പുരുഷനോട് ഇഷ്ടമോ വിധേയത്വമോ എപ്പോഴെങ്കിലും തോന്നാനിടയുണ്ടോ?
ഒരിക്കലുമില്ല, ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്ണിനും അത് ചെയ്തയാളെ തന്റെ ഇണയായി സ്വീകരിക്കാന്‍ സാധിക്കില്ല. ഇനിയെങ്കിലും നിങ്ങള്‍ അത് മനസ്സിലാക്കൂ. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്‌കൃതജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണ്. പോലീസില്‍ ഉന്നതപദവി അലങ്കരിച്ചിട്ടും നിങ്ങള്‍ക്കതു മനസ്സിലായില്ല?”
ഇത്രയധികം പറഞ്ഞപ്പോള്‍ മാനസികവിക്ഷോഭംമൂലം അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
“ഇപ്പോഴും നിങ്ങള്‍ക്കെങ്ങനെ എന്നോടിത് പറയാന്‍ തോന്നുന്നു? പിച്ചിച്ചീന്തിയതൊക്കെ ഒരു മഞ്ഞച്ചരടുകൊണ്ടു കൂട്ടിയിണക്കാമെന്നു തോന്നിയെങ്കില്‍… നിങ്ങളോട് എനിക്ക് വെറുപ്പും പുച്ഛവുമാണു തോന്നുന്നത്.”
പിന്നെ അവിടെ ഇരിക്കാന്‍ അയാള്‍ക്കായില്ല.
അവള്‍ പറഞ്ഞത് മുഴവനും സത്യമല്ലേ, വിവാഹം; അതൊരു പരിഹാരമല്ല. പക്ഷേ, സത്യത്തില്‍ അവളെ താന്‍ സ്‌നേഹിക്കുന്നു.
തകര്‍ന്നടിഞ്ഞ മനസ്സോടും, ശക്തിയില്ലാത്ത ശരീരത്തോടും കൂടി ഗിരിധര്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്കു പോയി.
അയാളുടെ മനസ്സ് മന്ത്രിച്ചു: നേരാണ് മഹാഗൗരീ, നീ പറഞ്ഞത് നേരാണ്. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു തെറ്റ് ഞാന്‍ ചെയ്തു ബലാല്‍സംഗം, പരിഹാരമില്ലാത്ത അപരാധം! ജീവിതം റീവൈന്‍ഡ് ചെയ്യുക സാദ്ധ്യമല്ല. ഈ നെരിപ്പോടും പേറി ജീവിക്കുക.
എന്നെങ്കിലും തന്നെ അവളുടെ മനസ്സിന്റെ കോടതി കുറ്റവിമുക്തനാക്കുമായിരിക്കും.
തുടരും …
പുഷ്പമ്മ ചാണ്ടി