മനുഷ്യ മനസ്സിന്റെ സ്നേഹം, വിദ്വേഷം, സന്തോഷം, സന്താപം, ഭയം എന്നീ വികാരങ്ങളിൽ ഭയം എന്ന വികാരമായിരിന്നു തെറ്റുകളിൽനിന്നും മനുഷ്യനെ പിന്തിരിപ്പിച്ചിരുന്ന കടിഞ്ഞാൺ. ആ കടിഞ്ഞാൺ നഷ്ടമായതോടുകൂടി മനുഷ്യൻ എന്തും ചെയ്യാൻ മടിയില്ലാത്തവനായി.
ഒരു കുഞ്ഞു ഭൂമിയിൽ പിറന്നുവീഴുന്നത് കരഞ്ഞുകൊണ്ടാണല്ലോ. അമ്മയുടെ ഗർഭപാത്രത്തിൽ പത്തുമാസത്തോളം കിടന്നിരുന്ന അവസ്ഥയിൽനിന്നു മറ്റൊരു അവസ്ഥയിലേയ്ക്കുള്ള മാറ്റം പൈതലിന്റെ മനസ്സിൽ ഭയം എന്ന വികാരം ഉളവാക്കുന്നതാകാം അതിനു കാരണം. അതായതു ഭയം എന്ന വികാരമാണ് മനുഷ്യൻ ആദ്യമേ പ്രകടിപ്പിക്കുന്നത്. അവന്റെ അന്ത്യസമയത്തും മരണഭയം അവനെ പിടികൂടുന്നു.
തെറ്റു ചെയ്‌താൽ ഈശ്വരൻ ശിക്ഷിക്കും എന്നൊരു ചിന്ത എല്ലാ മനുഷ്യരിലും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുപോലെ മറ്റുള്ളവർ അതറിഞ്ഞാൽ ഉണ്ടാകുന്ന അപമാനവും ശങ്കയായി അവനോടൊപ്പം ഉണ്ടായിരുന്നു. ഇന്നു ഭയവും ശങ്കയും ഇല്ലാത്തവരായി മനുഷ്യർ. ഫലമോ? എന്തും ചെയ്യാൻ മടിയില്ലാത്തവരുമായി അവർ മാറിപ്പോയി. പക്ഷേ, ഒന്നോർക്കുക, ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും എന്നതുപോലെ, തെറ്റു ചെയ്യുന്നവൻ അതിന്റെ ശിക്ഷ ഈ ജന്മത്തിൽത്തന്നെ അനുഭവിക്കേണ്ടിവരും എന്ന പ്രപഞ്ച നീതിയും ഇവിടെയുണ്ട് എന്ന വസ്തുത ഓർമ്മയിൽ സൂക്ഷിക്കുക.
ലേഡിനെക്കർ
“ധീരന്മാരെ ദൂരെനിന്നു ആരാധിക്കണം. അടുത്തുചെല്ലുമ്പോൾ അവരുടെ മഹത്വം കുറഞ്ഞുപോകും”
“നിങ്ങൾക്കു എത്ര ഉൽകൃഷ്ടമായി ജീവിക്കാൻ കഴിയുമോ അത്ര ഉൽകൃഷ്ടമായ നിലയിൽ ജീവിക്കാൻ ശ്രമിക്കുവീൻ “
ലൈറ്റ്വർ എം. ജി.
“കടബാധ്യതയാണ് ഏറ്റവും ദയനീയമായ ദാരിദ്ര്യം”
ലോവൽ ജെ. ആർ.
“പുതിയ അവസരങ്ങൾ പുതിയ കർത്തവ്യങ്ങളെപ്പറ്റിയും പഠിപ്പിക്കുന്നു”
“മഠയന്മാരും മരിച്ചവരും അഭിപ്രായങ്ങൾ മാറ്റുകില്ല “
ലോറൻസ് ഡ്യൂവൽ
“മനുഷ്യന്റെ ഓർമ്മശക്തിക്കു നിർഭാഗ്യത്തോളം പഴക്കമുണ്ട്”
ലോർഡ് ആക്ടൻ
“സ്വാതന്ത്ര്യം മതത്തെപ്പോലെ, നല്ല പ്രവൃത്തികൾക്കുള്ള പ്രചോദനമാണ്, കുറ്റം ചെയ്യാനുള്ള ന്യായീകരണവുമാണ്”
ലോംഗ് ഫെല്ലോ
“ഒരു തെറ്റ് ന്യായീകരിക്കുന്നതിനേക്കാൾ കുറഞ്ഞ സമയംകൊണ്ടു ആ തെറ്റ് തിരുത്താൻ കഴിയും”
“നമ്മുടെ ജീവിതവും മഹത്തരമാക്കാമെന്നു മഹാന്മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു”
വള്ളത്തോൾ
“ദുഃഖങ്ങൾ സൗഖ്യത്തിനകമ്പടിക്കാരാണ്”
വാൾട്ടർ സ്കോട്ട്
“സൽപ്പേര് പണത്തേക്കാൾ വിലയുള്ളതാണ്”
“ഏണി കയറാൻ ആഗ്രഹിക്കുന്നവൻ ആദ്യപടിയിൽ നിന്നുതന്നെ തുടങ്ങണം”
വാൾട്ടർ എസ്. റോബർട്സൺ
“ഉത്തവാദിത്തങ്ങളിൽനിന്ന് രക്ഷപെടാനുള്ള ഒരേയൊരു വഴി അവ നിർവഹിക്കുകയാണ്”
വാൾട്ടർ ലിപ്മാൻ
“സ്വാതന്ത്ര്യം മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന തത്വമാണ്”
“മറ്റുള്ളവരുടെ ആന്തര ജീവിതചര്യകളിലേയ്ക്കു നമ്മെ അടുപ്പിക്കുന്ന കല, ക്രമേണ നമ്മുടെ അനുഭവങ്ങളുടെ ചക്രവാളത്തിനു വികാസം നൽകുന്നു”
വാലസ് സ്റ്റീവൻസ്
“അദൃശ്യതയുടെ പുരോഹിതനാകുന്നു യഥാർത്ഥ കവി”
വാട്ട്ലി
“തീൻമേശയിൽ വച്ചു വാദിക്കരുത്. കാരണം, വിശപ്പില്ലാത്തവൻ വിജയിച്ചെന്നിരിക്കും”
വാഷിംഗ്ടൺ ഇർവിംഗ്
“വലിയ മനുഷ്യർക്ക് ലക്ഷ്യമുണ്ടായിരിക്കും. ചെറിയ മനുഷ്യർക്ക് ആഗ്രഹങ്ങളും. നിർഭാഗ്യം ചെറിയ മനുഷ്യരെ കീഴ്പ്പെടുത്തും. വലിയ മനുഷ്യർ അവയ്‌ക്കെതിരെ ഉയർന്നുപൊങ്ങും”
വിവേകാനന്ദ സ്വാമികൾ
“വീഴ്ചകളെപ്പറ്റിയും പിന്തിരിയുകളെപ്പറ്റിയും വിഷാദിക്കരുത്. ആയിരം പ്രാവശ്യം ആദർശം പിടിവിട്ടുപോയാലും വീണ്ടും പിടിക്കാൻ ശ്രമിക്കണം”
“ആസക്തി കുറയുംതോറും കർമ്മത്തിന് മേന്മ വർദ്ധിക്കുന്നു”
“ത്യാഗം കൂടാതെ ജനസേവനത്തിൽ നമ്മുടെ ഹൃദയം മുഴുക്കെ അർപ്പിക്ക സാദ്ധ്യമല്ല. ത്യാഗി സകല മനുഷ്യരെയും തുല്യരായി കാണുന്നു”
“അടിച്ചു തകർക്കാനെളുപ്പമാണ്. എന്നാൽ, ഒന്നു നിർമ്മിക്കാൻ പ്രയാസം”
“എല്ലാവരും സ്വർഗ്ഗസുഖം തേടുന്നു. അതു നേടുന്നവൻ ലക്ഷത്തിലൊരുവൻ മാത്രം. പക്ഷേ, ആ സത്യം നാം അറിയുന്നില്ല”
“ധീരന്മാരെപ്പോലെ മരിക്കുന്നതു പേടിച്ചു ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്”
“ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യം പ്രാപിക്കുന്നതുവരെ ഉറക്കം പാടില്ല”
“സത്യം, ഹൃദയശുദ്ധി, നിസ്വാർത്ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താൻ ലോകത്തിലുള്ള ഒരു ശക്തിക്കും സാദ്ധ്യമല്ല”
“നമ്മിൽ ഓരോരുത്തരുടെയും മനസ്സ് മഹാപ്രപഞ്ചത്തിന്റെ മനസ്സിന്റെ ഒരംശം മാത്രമാണ് “
“മനഃശുദ്ധിയാണ് ഏറ്റവും മികച്ച സമ്പത്ത്”
വിക്ടർ ഹ്യൂഗോ
“ജീവിതം ഒരു പുഷ്പമാണ്. അതിലെ മധുവാണ് സ്നേഹം”
“കഷ്ടപ്പാടുകൾ മനുഷ്യരെ സൃഷ്ടിക്കുന്നു. സമ്പത്ത് പിശാചുക്കളെയും”
“പുരുഷന്മാർ വനിതകളുടെയും വനിതകൾ പിശാചുക്കളുടെയും കളിപ്പാവകളാണ്”
“കഠിനമായ മനോവേദനയുടെ മദ്ധ്യത്തിലും സ്നേഹവും സഹതാപവും ഉൾക്കൊള്ളുന്ന ആത്മാവ് ആർക്കുണ്ടോ അവനാണ് യഥാർത്ഥ മനുഷ്യൻ”
“ജീവിതത്തിലെ വലിയ ദുഃഖങ്ങളിൽ ധീരതയും ചെറിയ ദുഃഖങ്ങളിൽ ക്ഷമയും പ്രകടിപ്പിക്കുക”
“നമ്മുടെ സ്വഭാവഗുണംകൊണ്ട് ആളുകൾ നമ്മെ സ്നേഹിക്കുമ്പോഴാണ് സൗഭാഗ്യം ഉണ്ടാവുക”
വില്യം ഹാസ്‌ലിറ്റ്
“അധികാരം ആനന്ദമാണ്, ആനന്ദം യാതനകളെ മധുരമാക്കുന്നു”
വില്യം ഹെൻറി
“മറ്റുള്ളവർക്കു ചെയ്യാൻ സാധിക്കാത്തതു ചെയ്യുന്നതാണ് വാസന. വാസനകൊണ്ടു ചെയ്യാൻ വയ്യാത്തത് ചെയ്യുന്നതാണ് ബുദ്ധിശക്തി”
വില്യം ജോൺസ്
“അധികാരം ആരെ ഏല്പിച്ചാലും വിശ്വസിക്കാവുന്നതല്ല”
വില്യം മക് ഫി
“മദ്ധ്യഭാഗം മാത്രം കാണാവുന്ന ഒരു ചരടുപോലെയാണ് ഉത്തരവാദിത്വം. രണ്ടറ്റങ്ങളും കാഴ്ചയ്ക്കപ്പുറമാണ്”
“അചഞ്ചലനായിരിക്കുന്ന ഉത്സാഹശീലന്റേതാണ് ലോകം”
വില്യം ഫോക് നർ
“സ്നേഹമെന്ന ദിവ്യ വികാരം അക്ഷരങ്ങളിലല്ല, ഹൃദയങ്ങളിലാണ് ജീവിക്കേണ്ടത്”
തുടരും…..
എ. വി. ആലയ്ക്കപ്പറമ്പിൽ