പാലക്കാട് – മലപ്പുറം പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രമല്ല കണ്ണൂരിൻ്റേത്. എം ടിയുടെ കഥാ ഭൂമികയായ കൂടല്ലൂരിനെക്കുറിച്ച് ഒരു സ്വപ്നം പോലെയാണ് കേട്ടത് അന്ന്. തൂതപ്പുഴയും നിളാനദിയും കൂടിച്ചേരുന്ന ഊര് കൂടല്ലൂര്. അവിടെയുള്ള താന്നിക്കുന്നിൽ നിന്നു കാണുന്ന ഗ്രാമക്കാഴ്ചകൾ. അവിടെ വിടരുന്ന കണ്ണാന്തളിപ്പൂക്കൾ. എം ടി കഥയിലും നോവലിലും ഓർമ്മക്കുറിപ്പിലും പലവട്ടം എഴുതിയത് വായിച്ചു വായിച്ച് എൻ്റെ മനസ്സിൽ കൂടല്ലൂർ ഒരു മായിക ഗ്രാമമായി.
എട്ടു വയസ്സു വരെ ഞാൻ ജീവിച്ചിരുന്ന ആലക്കാട്ടുള്ള എൻ്റെ ആലാംകുന്നിനെ (ഞാനെഴുതിയ നോവലിൽ അത് ആറാം കുന്നായി പരിണമിച്ചു) ഞാൻ താന്നിക്കുന്നായി സങ്കൽപ്പിച്ചു. കുന്നിൻ്റെ താഴ്വാരത്ത് വിരിയുന്ന കാട്ടുപൂക്കളിലേതോ ചിലത് കണ്ണാന്തളിപ്പൂക്കളെന്ന് നിനച്ചു. പക്ഷേ, പുഴയുണ്ടായിരുന്നില്ല. വയലുകൾക്ക് നടുവിലൂടെ ഒരു തോടേ ഒഴുകുന്നുള്ളൂ. അതിനെ എങ്ങനെ ഭാരതപ്പുഴ എന്ന് വിളിക്കും? എൻ്റെ നാട്ടിലൂടെ ഒരു പുഴയൊഴുകാത്തതിൻ്റെ പേരിൽ എനിക്ക് സങ്കടമുണ്ടാക്കിയത് എം ടി യുടെ ഭാരതപ്പുഴയാണ്. എം ടി ഇങ്ങനെ ഒരു പാട് കഥയും നോവലുകളുമൊക്കെ എഴുതുന്നത് ഭാരതപ്പുഴയുടെ തീരത്ത് ജനിച്ച് വളർന്നത് കൊണ്ടാണെന്ന് അന്നൊക്കെ ബാലിശമായി ചിന്തിച്ചിട്ടുണ്ട്. അച്ഛൻ്റെ നാടായ കുട്ടമത്തും പത്ത് നാൽപ്പത്തിയഞ്ച് കൊല്ലം കൊണ്ട് സ്വന്തം നാടായിത്തീർന്ന കരിവെള്ളൂരുമില്ല പുഴ. കരിവെള്ളൂരിൽ പുഴ എന്നു വിളിക്കാനുള്ള കുണിയൻ പുഴ എൻ്റെ വീട്ടിൽ നിന്നും ഒരു പാട് ദൂരെയാണ്. എന്നിട്ടും എൻ്റെ ബാല്യകൗമാരസങ്കൽപ്പങ്ങളിൽ ഞാൻ കരിവെള്ളൂരിനെ കൂടല്ലൂരെന്ന് ബോധപൂർവം കണക്കു കൂട്ടി. അന്നത്തെ പള്ളിക്കൊവ്വൽ, ഓണക്കുന്ന് അങ്ങാടികൾക്ക് പിൽക്കാലത്ത് ചിത്രങ്ങളിൽ കണ്ട കൂടല്ലൂരിൻ്റെ അതേ ഛായയായിത്തോന്നി. വായന കൊണ്ട് ബഷീറിൻ്റെ തലയോലപ്പറമ്പിലും മുകുന്ദൻ്റെ മയ്യഴിയിലും എസ് കെ യുടെ അതിരാണിപ്പാടത്തും യുഎ ഖാദറിൻ്റെ തൃക്കോട്ടൂരും വിജയൻ്റെ ഖസാക്കിലും കോവിലൻ്റെ കണ്ടാണിശ്ശേരിയിലും മനസ്സ് ഏറെ നാൾ അലഞ്ഞിട്ടുണ്ട്. പക്ഷേ ആ ദേശങ്ങളെയൊന്നും എനിക്ക് കരിവെള്ളൂരുമായി താരതമ്യം ചെയ്യാൻ തോന്നിയിട്ടില്ല. എന്നാൽ പേരിൽ തന്നെയുള്ള സാദൃശ്യം കൊണ്ട് കൂടല്ലൂർ സ്വന്തമെന്ന് തോന്നി.
കരിവെള്ളൂർ വന്നതിന് ശേഷവും അവധിക്കാലങ്ങളിൽ ആലക്കാടും കുട്ടമത്തും പോയി. ആ കൂട്ടുകുടംബ ജീവിതം എത്ര സന്തോഷപ്രദമായിരുന്നു ! ആലക്കാട്ടെ തെങ്ങുന്തറ തറവാടും കുട്ടമത്തെ പയ്യാടക്കത്ത് തറവാടും പോലെ കരിവെള്ളൂരുമുണ്ടായിരുന്നു പേരു കേട്ട പല തറവാടുകൾ. എം ടി യുടെ മാടത്ത് തെക്കപ്പാട്ട് പോലെ ഒരാളുടെ പേരിന് മുന്നിലുള്ള ഇനീഷ്യലിൽ ഉള്ളത് അവരുടെ തറവാട്ടു പേരാണെന്ന് കുട്ടിക്കാലത്ത് ഞാനറിഞ്ഞിരുന്നില്ല. എന്നെ ആലക്കാട്ടു വീട്ടിൽ നിന്ന് പാച്ചു എന്നാണ് വിളിച്ചിരുന്നത്. എന്നാൽ കരിവെള്ളൂരെത്തിയപ്പോൾ സഹപാഠികൾ വിളിച്ച് ഞാൻ ടീവി യായി. അത് തെങ്ങുന്തറ വീട്ടിൽ എന്നതിൻ്റെ ചുരുക്കപ്പേരാണെന്ന് ഏഴാം ക്ളാസിന് മുമ്പ് ഞാൻ അറിഞ്ഞിരുന്നില്ല. ആരും പറഞ്ഞു തന്നില്ല.
കാടും മേടും കുന്നുമൊക്കെയുള്ള ആലക്കാട്, ചെറിയ നാട്ടമ്പലവും വയലുകളും തെങ്ങിൻ തോപ്പുമൊക്കെയുള്ള കരിവെള്ളൂർ, കയ്യാലകൾക്കും പാതാറുകൾക്കും ഇടയിലുള്ള കുടുസ്സു വഴിയും ചെമ്മൺ നിരത്തും നിറഞ്ഞ കുട്ടമത്ത് – ഇവിടെയെല്ലാമൊഴുകിയ കൈത്തോടുകൾ, കുളങ്ങൾ … കുഞ്ഞുനാളിൽ ഞാൻ ജീവിച്ച ഈ ദേശപ്പെരുമ കൗമാരത്തിൽ ഞാൻ വായിച്ചത് എം ടി യുടെ പുസ്തകങ്ങളിലാണ്. അങ്ങനെ, കൂടല്ലൂരിൻ്റെ രൂപാന്തരങ്ങളായി ഞാൻ ജീവിച്ച നാട്ടുമ്പുറങ്ങൾ മാറുകയായിരുന്നു.
ഞാനും ചുറ്റുവട്ടത്തെ കുട്ടികളും പണ്ട് സ്കൂളിലേക്ക് നടന്നു പോയ വഴികളിലൂടെയാണ് എൻ്റെ വായനയിൽ എംടി കഥാപാത്രങ്ങളായ വിദ്യാർത്ഥികൾ നടന്നത്. ഞങ്ങൾ വീട്ടുമുറ്റത്തും ആളൊഴിഞ്ഞ പറമ്പിലും കൃഷിയൊഴിഞ്ഞ പാടത്തും കളിച്ച കളികളിൽ പലതും മുതിർന്നപ്പോൾ എം ടി വായിക്കാൻ തന്നു. ബാല്യസ്മൃതികളെ താലോലിക്കാൻ പഠിപ്പിച്ചത് എംടിയാണ് – പഴയ നാട്ടുനന്മകളേയും. എം ടി യെ നിരന്തരം വായിച്ച അന്നത്തെ ഗ്രാമീണകൗമാരങ്ങൾ എന്നെപ്പോലെ ചിന്തിച്ചിട്ടുണ്ടാവാം – അവരുടെ നാടും ഒരു കൂടല്ലൂരാണെന്ന്.
തുടരും…
പ്രകാശൻ കരിവെള്ളൂർ