വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേൽപ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.
ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദർശനം. ഇന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഒട്ടേറെ രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ വ്യാപാര തീരുവകൾ, ട്രംപിന്റെ വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങി അനേകം പ്രശ്നങ്ങളുടെ ഇടയിലാണ് ഈ കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഈ വിഷയങ്ങളും ചർച്ചകളുടെ ഭാഗമാകും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും എന്നാണ് സൂചന. വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും.
കഴിഞ്ഞ ദിവസം ഫ്രാൻസ് സന്ദർശനത്തിനിടെ മാർസെയിലിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടൊപ്പമാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ കാണാനെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി മാർസെയിലിൽ തടിച്ചുകൂടിയത്. നരേന്ദ്ര മോദി ഇന്ത്യയുടെ പുതിയ കോൺസലേറ്റ് ഉദ്ഘാടനം ചെയ്യാനാണ് മാഴ്സെയിലെത്തിയത്. ബ്രിട്ടിഷുകാരിൽനിന്നു രക്ഷപ്പെട്ട സവർക്കറെ പിന്തുണച്ചതിന് ഫ്രഞ്ച് നഗരമായ മാഴ്സെയ്ക്കു മോദി നന്ദി പറഞ്ഞു. 1910 -ൽ ലണ്ടനിൽ അറസ്റ്റിലായ സവർക്കറെ ബ്രിട്ടിഷ് കപ്പലിൽ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ മാഴ്സെയിൽവച്ച് കടലിലേക്കു ചാടുകയായിരുന്നു. ബ്രിട്ടിഷ് സൈനികർ വെടിയുതിർത്തെങ്കിലും സവർക്കർ രക്ഷപ്പെട്ടു. രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന എ ഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാർസെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചർച്ചയിൽ സൈനികേതര ആണവോർജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ജെറ്റ് എഞ്ചീനുകൾ, ഹെലികോപ്റ്റർ എഞ്ചിനുകൾ, മിസൈലുകൾ എന്നിവ ഫ്രാൻസിൽ നിന്ന് വാങ്ങാനും ധാരണയായി. ഇന്ത്യയിലെ പിനാക റോക്കറ്റ് ലോഞ്ചർ സംവിധാനം വാങ്ങുന്നത് പരിശോധിക്കാൻ ഫ്രഞ്ച് സംഘത്തെ അയക്കാമെന്ന് മക്രോൺ സമ്മതിച്ചു. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഉറച്ചു നില്ക്കും.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും നരേന്ദ്രമോദിയെ കണ്ടു. പാരിസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് വാൻസിന്റെ കുടുംബവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ജെഡി വാൻസിന്റെ മകൻ വിവേകിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നടന്ന അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിയോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളെ കുറിച്ച് ജെഡി വാൻസ് എക്സിൽ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി ഏറെ നേരം സംവദിച്ചു. ഒരുപാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വളരെ മനോഹരമായ സംഭാഷണമായിരുന്നുവെന്നും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതിൽ നന്ദിയുണ്ടെന്നും വാൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വിവേകിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വാൻസിന്റെ പോസ്റ്റിന് മറപടിയായി പ്രധാനമന്ത്രിയും എക്സിൽ കുറിച്ചു.
പാരിസിൽ നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് CEO ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താനുള്ള ഉചിതമായ സമയമിതാണെന്ന് അന്താരാഷ്‌ട്ര നിക്ഷേപകരോട് മോദി പറഞ്ഞു. പാരിസിൽ നടന്ന CEO ഫോറത്തിൽ നിരവധി ഫ്രഞ്ച് വ്യവസായികളും ബിസിനസ് നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ത്യയിലേക്ക് വരാൻ ഉചിതമായ സമയമാണിതെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ആഗോള നിക്ഷേപ കേന്ദ്രമായും ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. സെമികണ്ടക്ടർ, ക്വാണ്ടം മിഷനുകൾ ഇന്ത്യയിൽ ആരംഭിച്ചു, കൂടാതെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘മെയ്‌ക്ക് ഫോർ ദി വേൾഡ്’ എന്ന ദർശനത്തിലൂന്നിയാണ് പ്രതിരോധമേഖലയിൽ ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സമയം വൈകിട്ട് അഞ്ചു മണിക്കാണ് മോദി വാഷിംഗ്ടണിലേക്ക് തിരിച്ചത്.