പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വയനാട് ലോക്സഭ മണ്ഡലത്തിൽ 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ ആണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ 2024-ലെ ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്ക കന്നിയങ്കത്തിൽ വിജയിച്ചത്. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്. 617942 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്റെ സത്യൻ മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.
പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൗണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്പൻ വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.
എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.