Friday, May 8, 2026
Home » യൂസഫലി കേച്ചേരിയുടെ ഓർമ്മകൾ
യൂസഫലി കേച്ചേരിയുടെ ഓർമ്മകൾ

യൂസഫലി കേച്ചേരിയുടെ ഓർമ്മകൾ

by Editor

സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ഏകവ്യക്തി – യൂസഫലി കേച്ചേരി. കേച്ചേരിയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഇങ്ങനെ തുടങ്ങാനാണിഷ്ടം. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന യൂസഫലി കേച്ചേരി ഓർമ്മയായിട്ട് ഇന്ന് 11 വർഷം. 2015 മാർച്ച് 21-നാണ് അദ്ദേഹം അന്തരിച്ചത്.

1963 ഏപ്രിൽ 12-ന് പുറത്തുവന്ന മൂടുപടം എന്ന ചിത്രത്തിൽ “മൈലാഞ്ചിത്തോപ്പിൽ മയങ്ങിനില്ക്കുന്ന മൊഞ്ചത്തി” എന്ന ഗാനമെഴുതിക്കൊണ്ട് തുടക്കം. വയലാർ, പി.ഭാസ്കരൻ, ഒ.എൻ.വി.കുറുപ്പ് എന്നിവർ മലയാള ചലച്ചിത്രഗാന ശാഖ അടക്കിവാണിരുന്ന കാലത്ത്, ചിത്രത്തിൻ്റെ സംവിധായകനായ രാമു കാര്യാട്ടിൻ്റെ ആവശ്യപ്രകാരമെഴുതിയ പാട്ട്. ചിത്രത്തിലെ ബാക്കി ഗാനങ്ങൾ എഴുതിയത് പി ഭാസ്കരനും.

പിന്നീട് പ്രണയമധുരതേൻ തുളുമ്പിയ എത്രയെത്രഗാനങ്ങൾ!
അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ..,
പതിനാലാം രാവുദിച്ചത് മാനത്തോ…,
സുറുമയെഴുതിയ മിഴികളേ …,
എഴുതിയതാരാണ് സുജാത നിൻ്റെ, കടമിഴിക്കോണിലെ കവിത….
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ …,
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ…..,
സ്വർഗ്ഗം താണിറങ്ങി വന്നതോ….,
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ….,
പ്രഭാതശീവേലി തൊഴുതുമടങ്ങുമ്പോൾ…,
മുറുക്കിച്ചുവന്നതോ മാരൻ…,
നാദാപുരം പള്ളിയിലെ….,
ഇത്ര മധുരിക്കുമോ പ്രേമം……,
പേരറിയാത്തൊരു നൊമ്പരത്തെ….,
അക്കരെയിക്കെരെ നിന്നാലെങ്ങനെ ആശ..,
തമ്പ്രാൻ തൊടുത്തത് മലരമ്പ്…..,
അങ്ങനെ, എഴുതിയാൽ ഒത്തിരി എഴുതണം.

എന്നാലും
പാർവ്വണേന്ദുമുഖീ -യും
സഹൃ സാനു ശ്രുതി ചേർത്തുവച്ച
മണിവീണയാണെൻ്റെ കേരളവും
മറ്റും പ്രത്യേകം പരാമർശിക്കാതെ വയ്യ. കൂടാതെ
കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ ചൊരിഞ്ഞവനേ…
എന്ന ക്രിസ്തീയ ഗാനവും.

സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡും, നാലു തവണ മികച്ചഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും. ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ, ഉള്ളൂർ, ആശാൻ, ചങ്ങമ്പുഴ അവാർഡുകൾ, സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം …

മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങളുടെ സംവിധാനം. സിന്ദൂരച്ചെപ്പിന്റെ തിരക്കഥ.

സംസ്കൃതം നന്നായിവഴങ്ങിയ എഴുത്തുകാരൻ, സംസ്കൃതത്തിൽ മുഴുനീള ഗാനങ്ങൾ എഴുതി വേറിട്ടുനിന്നു. സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ്. 2000-ൽ മഴ എന്ന ചിത്രത്തിലെ ‘ഗേയം ഹരിനാമധേയം‘ എന്ന ഗാനത്തിന്.’

ഇതൊക്കെയാണെങ്കിലും ധ്വനി എന്ന ചിത്രത്തിലെ ഗാനങ്ങളെ പ്രത്യേകം പരാമർശിക്കാതെ വയ്യ. പ്രേംനസീർ പൂർത്തിയാക്കിയ അവസാന ചിത്രം കൂടിയാണിത്. യൂസഫലി കേച്ചേരി സംസ്കൃതത്തിൽ എഴുതിയ ഗാനവും ഈ ചിത്രത്തിലുണ്ട്.

മാനസ നിളയിൽ ……
ജാനകീ ജാനേ ….
രതി സുഖ സാരമായി ….
ഒരു രാഗമാല കോർത്തു ….
അനുരാഗലോല ഗാത്രി …..
ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്ന തരത്തിൽ “സംഗീതധ്വനി” മുഴക്കിയ ഗാനങ്ങൾ.

മലയാളത്തിൽ ഒരു ചിത്രത്തിനു മാത്രമേ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളു എങ്കിൽക്കൂടിയും നൗഷാദ് അലി എന്ന സംഗീത സംവിധായകനെ മലയാള ചലച്ചിത്ര രംഗത്ത് അടയാളപ്പെടുത്തിയ ഗാനങ്ങളും.

നിയമബിരുദധാരി.. അഞ്ചുകന്യകകൾ, കേച്ചേരിപ്പുഴ, പേരറിയാത്ത നൊമ്പരം, നാദബ്രഹ്മം, കടാക്ഷം, അമൃത് തുടങ്ങി പതിനഞ്ചോളം കൃതികൾ തന്ന പ്രതിഭാധനൻ.

2002 മാർച്ച് 3 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽവന്ന സർക്കാർ കാര്യം എന്ന കവിതയിൽ. യൂസഫലി കേച്ചേരി ഇങ്ങനെയെഴുതി…
നിഷ്‌ഫലമെന്നറിയാമെന്നാലും
നിസ്തുലമായ കിനാവരുളും
കല്പിത സാക്ഷാത്ക്കാരത്തിൻ മധു
സ്വല്പം മതി മതി മധുരിക്കാൻ.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!