മലയാള സിനിമയിൽ കേവലം നാലഞ്ചു വർഷംകൊണ്ട് ഒരു ‘കൊള്ളിമീൻ’ / ‘ഷൂട്ടിംഗ് സ്റ്റാർ’ പോലെ തിളക്കത്തോടെ മിന്നിമറഞ്ഞ ഒരു താരം – വിജയശ്രീ. വിചിത്രമെന്നു തോന്നാവുന്ന ഒരു താരതമ്യം എൻ്റെ മനസ്സിൽ തോന്നുകയാണ്. നമ്മുടെ സിനിമ രംഗത്ത് നടന്മാരുടെ കൂട്ടത്തിൽ ജയന് ഉള്ളതിനോട് ഏകദേശം സമാനമായമായ ഒരു ഉയർച്ചയും പെട്ടെന്നൊരു ദിനത്തിലുള്ള തിരോഭവിക്കലുമാണ് ഈ അഭിനേത്രിയുടെ ജീവിതത്തിലും കാണാൻ കഴിയുന്നത്. മറഞ്ഞിട്ടും മായാത്ത താരപ്രഭയും ഇരുവർക്കു ഉണ്ടുതാനും.
ആ താരം പൊലിഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ഇന്ന് വിജയശ്രീയുടെ 52-ാം ചരമവാർഷികം; 73-ാം ജന്മവാർഷികം ഇക്കഴിഞ്ഞ ജനുവരി 8-നായിരുന്നു!
1970-കളിൽ മലയാള ചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നുവല്ലോ വിജയശ്രീ, തൻ്റെ മേനിയഴക് തുറന്നു കാണിക്കുന്നതിലൂടെയാണ് അഭിനയ രംഗത്ത് കുതിച്ചുയരുന്നത്. അഭിയശേഷി തെളിയിച്ച സിനിമകൾ ഉണ്ടെങ്കിലും അവരെ VAMP എന്നരീതിയിൽ ‘ടൈപ്പ് കാസറ്റ്’ ചെയ്ത ഒരു നായികനടിയായി മാറ്റി.
വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി 1953 ജനുവരി 8-ന് തിരുവനന്തപുരത്തെ, ‘മണക്കാട്’ എന്ന സ്ഥലത്ത് വിളക്കാട്ടു കുടുംബത്തിലാണ് വിജയശ്രീയുടെ ജനനം. വിജയശ്രീയ്ക്കു് രണ്ടു സഹോദരൻമാരും ഉണ്ടായിരുന്നു. ‘നസീമ’ എന്നൊരു ബാല്യകാല പേരുണ്ടായിരുന്നതായി കേട്ടിട്ടുണ്ടെങ്കിലും അത് വിശ്വസനീയമായി തോന്നുന്നില്ല. ‘വിജയശ്രീ’ എന്നപേര് ഒരു സിനിമാപ്പേരാകാനേ സാധ്യതയുള്ളു. അപ്പോൾ ശരിയായ പേരെന്ത്? ഇതു സംബന്ധമായ പല പുരാവൃത്തങ്ങൾ പലരും പറഞ്ഞു വരാറുണ്ട്. അതെല്ലാം കെട്ടുകഥകളാണെന്ന് അവരുടെ ബന്ധു രാജഗോപാൽ കെ പി കുറിച്ചിട്ടുണ്ട് – അത് ഈ പോസ്റ്റിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
അവരുടെ ആദ്യാഭിനയ ചിത്രം, 1966-ൽ പുറത്തിറങ്ങിയ ‘ചിത്തി’ എന്ന തമിഴ് സിനിമ ആയിരുന്നു. 1969-ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘പൂജാപുഷ്പം’ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്ന മലയാള ചിത്രം. തുടർന്ന് വേണുഗോപാല മേനോൻ സംവിധാനം ചെയ്‍ത ‘ഡിറ്റക്ടീവ് 909 കേരളത്തിൽ’ (1970) എന്ന സിനിമയിൽ അഭിനയച്ചുവെങ്കിലും, അതേവർഷം ഇറങ്ങിയ ഉദയാ കുഞ്ചാക്കോ സിനിമയായ ‘ഒതേനന്റെ മകൻ’ (1970) സൂപ്പർ ഹിറ്റ് സിനിമയിൽ പ്രേംനസീർ, രാഗിണി, ഷീല എന്നിവരോടൊപ്പം ‘കുഞ്ഞികുങ്കി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് വിജയശ്രീ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, ആ വർഷംതന്നെ ഇറങ്ങിയ, (കെ.പി. കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത) ‘രക്തപുഷ്പം’ (1970) എന്ന ചിത്രത്തോടെയാണ് മലയാള സിനിമാ ലോകത്ത് വിജയശ്രീയെ കൂടുതൽ പ്രശസ്തയാക്കുന്നത്. ആ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.
‘മറുനാട്ടിൽ ഒരു മലയാളി’ എന്ന സിനിമയിലെ “ഗോവർദ്ധനഗിരി കയ്യിലുയർത്തിയ…” എന്ന ഗാനരംഗത്തിൽ വിജയശ്രീ പാട്ടിന്റെ സാഹിത്യത്തോടിണങ്ങുന്ന വളരെനല്ല രീതിയിലുള്ള നൃത്തമാണ് അവതരിപ്പിക്കുന്നത്.
തൻ്റെ ‘തുറന്ന’ അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ ഒരു നടിയായിരുന്നു വിജയശ്രീ. ഒരു കാലത്ത് മലയാളത്തിലെ ‘മർലിൻ മൺറോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ ഗ്ളാമർ വേഷങ്ങളുമായി ആ നടി ‘ശോഭിച്ചു’.
നിത്യഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളിൽ ഇക്കാലയളവിൽ അവർ അഭിനയിച്ചു. ‘പോസ്റ്റുമാനെ കാണ്മാനില്ല’, ‘അജ്ഞാതവാസം’, ‘മറവിൽ തിരിവ് സൂക്ഷിക്കുക’, ‘ലങ്കാദഹനം’, ‘പത്മവ്യൂഹം’, ‘പഞ്ചവടി’, ‘സംഭവാമി യുഗേ യുഗേ’ ‘അങ്കത്തട്ട്’, ‘ആരോമലുണ്ണി’, ‘പൊന്നാപുരം കോട്ട’ തുടങ്ങിയ അക്കാലത്തെ ഹിറ്റു ചിത്രങ്ങളിൽ നസീർ-വിജയശ്രീ ജോഡികൾ ഒന്നിച്ചു. മറ്റുചില ശ്രദ്ധേയമായ ചിത്രങ്ങൾ, ‘സ്വര്‍ഗ്ഗപുത്രി’, ‘ജീവിക്കാന്‍ മറന്നു പോയ സ്ത്രീ’; ‘ആദ്യത്തെ കഥ’; ‘ശിക്ഷ’; ‘പളുങ്കുപാത്രം’ തുടങ്ങിയവയാണ്. ഇവയിൽ ചിലത് ഗ്ലാമർ റോളുകൾ ഇല്ലാത്ത വേഷങ്ങൾ – അവ കുടുംബചിതങ്ങൾ എന്ന ജനുസിലുള്ളവ ആയിരുന്നു.
ഗ്ലാമര്‍ നടിയെന്നുമുള്ള പേരുകളില്‍ നിന്നും രക്ഷനേടാന്‍ വിജയശ്രീ അതിയായി ആഗ്രഹിച്ചിരുന്നു എന്ന് അവർ അന്തരിച്ചപ്പോൾ വായിച്ചിരുന്നതായി ഓർക്കുന്നു. അങ്ങനെയാണ് അവർ ചില കുടുംബചിത്രങ്ങളിൽ അഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരു നേടിയശേഷമാണ് അവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
വിജയശ്രീയുടെ അഭിനയ ജീവിതത്തിലെ കൂടുതൽ ഹിറ്റു ചിത്രങ്ങൾ, ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു എന്ന ധാരണ ശരിയല്ല. ആകെ അഞ്ചു കുഞ്ചാക്കോ സിനിമകളിലെ വിജയശ്രീ അഭിനയിച്ചുള്ളു, എങ്കിലും അവരുടെ കരിയറിലേ മുഖ്യനിർമ്മാതാവായി ഉദയ സ്റ്റുഡിയോയും എം. കുഞ്ചാക്കോയും കരുതപ്പെടുന്നു. ഇതുപോലെ, അഞ്ചു സിനിമകളിൽ വിജയശ്രീയെ മുഖ്യകഥാപാത്രമാക്കിയ നിർമ്മാതാവ് അസിം കമ്പനിയുടെ മുഹമ്മദ് അസം (ആസിം ഭായ്) ആണ് വിജയശ്രീയുടെ സിനിമാ കരിയറിലെ മറ്റൊരു പ്രധാന നിർമ്മാതാവ്.
പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന ‘യൗവ്വനം’ എന്ന സിനിമയും ‘വണ്ടിക്കാരി’ എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പൻ ഹിറ്റായി മാറിയിരുന്നു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു.
വിജയശ്രീയുടെ മരണം.
വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. 1974 മാർച്ച് 17-ന് 21-ാം വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തു എന്നാണ് വാർത്തയിൽ വന്നത്.
അഡയാറിലായിരുന്നു വിജയശ്രീയുടെ മുഖ്യ താമസസ്ഥലം എങ്കിലും, ആർ.എ. പുരത്തെ ബിഷപ്പ് ഗാർഡനിലുള്ള അവരുടെ മറ്റൊരു വീട്ടിലാണ് ആ ദുർമരണം നടന്നത്. ‘നാന’യുടെ അന്നത്തെ മദ്രാസ് കറസ്‌പോണ്ടന്റ് മധു വൈപ്പന എഴുതിയ ‘ഗന്ധർവ്വലോകം’ എന്ന പുസ്തകത്തിൽ അവരുടെ ജീവിതത്തെക്കുറിച്ച് വിശദമായ ചില വിവരങ്ങൾ ഉണ്ട്.
സിനിമാ ജേർണ്ണലിസ്റ്റ് ആയ വി.കെ. ഹംസ കുറിക്കുന്നു: ‘ അഡയാറിലെ ചുടലയിൽ ചാണകകട്ടയിൽ അവരുടെ മൄതശരീരം കത്തിഎരിയുന്നതു കണ്ടുനിന്ന ചുരുക്കം ചിലരിൽ അവരാദ്യമായും അവസാനമായും കുടുംബിനിയായി അഭിനയിച്ച ജീവിക്കാൻ മറന്നുപോയ സ്ത്രീയുടെ നിർമ്മാതാവ് കെഎസ്സാർ മൂർത്തിയും മണിസ്വാമിയും ഞാനും ഉണ്ടായിരുന്നു. സിനിമാ രംഗത്തെ താരങ്ങളെ കൊത്തിവലിക്കുന്ന കഴുകന്മാർ ആരും അതുവഴി വന്നില്ല!”
‘പൊന്നാപുരം കോട്ട’ എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ “പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്നതിനിടയിൽ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു” എന്നാണ് പിന്നീട് വന്ന ഒരു പിന്നാമ്പുറ വർത്തമാനം. ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ ‘നാന’ ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നുവത്രേ. ‘പൊന്നാപുരം കോട്ട’ സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു.
അക്കാലത്തും സിനിമാരംഗത്ത് ബ്ലാക്മെയിലിങ് നടന്നിരുന്നു എന്ന് തന്നെയാണ് സാക്ഷികളായ ചില സിനിമ ജേർണലിസ്റ്റുകൾ പറയുന്നത്. ബ്ലാക്മെയിലിങ്ങിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്ന വാദം നിലനില്ക്കുന്നു. എന്നാൽ ഇതത്ര വിശ്വസനീയമായി തോന്നുന്നില്ല. ഈ ഗാനരംഗത്തിൻറെ ക്ലിപ്പ് യു ട്യൂബിൽ എത്രയോ നാളായുണ്ട്. വിജയശ്രീയുടെ പതിവ് ഗ്ലാമർ രംഗമായേ ഇത് തോന്നൂ.
അതല്ല, മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. അസിം കമ്പനിയുടെ മുഹമ്മദ് അസത്തിന്റെ (അസിം ഭായ്) പേര് ചേർത്തുള്ള അപവാദം ഇതിലൊന്നാണ്. വിജയശ്രീയുടെ മരണത്തോടെ സംശയത്തിൻറെ കരിനിഴൽ വീണ മുഹമ്മദ് അസമിനെ, ഇത് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തതായി പറയപ്പെടുന്നു. ഏതായാലും അദ്ദേഹം ഇതോടെ സിനിമ നിർമാണത്തിൽ നിന്ന് നിഷ്ക്രമിച്ചു എന്നത് സത്യമാണ്. ഏതായാലും മറ്റു യുവനടികളുടെ ദുരൂഹ മരണങ്ങളുടേതിനേക്കാൾ കൂടുതൽ സംശയങ്ങൾ വിജയശ്രീ മരണത്തെ സംബന്ധിച്ച് പരന്നിരുന്നു. വിജയശ്രീയുടെ മരണത്തെക്കുറിച്ച് എന്തായാലും ഒട്ടേറെ നിഗൂഢതകൾ ഇന്നും നിലനിൽക്കുന്നു എന്നേ പറയാനാകൂ.
അതേസമയം, നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ ‘നായിക’ എന്ന സിനിമ. വിജയശ്രീയുടെ മരണത്തെ മുഖ്യ പ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവരുടെ സ്ഥാനത്തുള്ള ചിലരെ പ്രതികളാക്കി ചിത്രീകരിച്ചിരിക്കുന്നതായും ഈ സിനിമ ഇറങ്ങിയ കാലത്ത് ചില പരാതികൾ ഉയര്‍ന്നിരുന്നു. ‘നായിക’ സിനിമയിലൂടെ ഉന്നയിച്ചിട്ടുള്ള വാദങ്ങളും അത്ര വിശ്വസനീയമല്ല; വിവാദത്തെ പൊലിപ്പിച്ച് ഒരു സിനിമയാക്കി എന്നേ പറയനാകൂ.
‘പൊന്നാപുരം കോട്ട’യുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതമാകട്ടെ അവതരിപ്പിക്കപ്പട്ടിട്ടുള്ളത് കുഞ്ചാക്കോയുടേതിനും സമാനവും.
മാദക സൗന്ദര്യത്തിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ വിജയശ്രീയുടെ മരണത്തിനു പിന്നിലെ ദുരൂഹത ഇനിയും അവശേഷിക്കുന്നു.
വിജയശ്രീയുടെ ചേച്ചിയുടെ മകൾ മിനു, ‘കിളിക്കൊഞ്ചൽ’ എന്ന ഒരു സിനിമയിൽ മാത്രം നായിക ആയി അഭിനയിച്ചിട്ടുണ്ട്. അവരും ചെറുപ്പത്തിൽ തന്നെ മരിച്ചു എന്നാണ് ശാന്തിവിള ദിനേശിൻ്റെ ചാനലിൽ കണ്ടത്.
ആർ. ഗോപാലകൃഷ്ണൻ
രാജഗോപാൽ കെ പി എഴുതിയത്.
എന്റെ കുടുംബാംഗം ആയ വിജയശ്രീ യെക്കുറിച്ചുള്ള ചില കാര്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ വിജയശ്രീ വളരെ ആകാംക്ഷയിലായിരുന്നു, അസിം ഭായ് തന്റെ ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ അവളെ ക്ഷണിച്ചു. എന്നാൽ അവളുടെ അമ്മ അത് നിരസിക്കുകയും വിജയശ്രീ മലയാളത്തിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്തു. നീല പ്രൊഡക്ഷൻസിന്റെ ‘കാട്’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള അവരുടെ ആഗ്രഹം ഒരർത്ഥത്തിൽ പൂർത്തിയായി. കാരണം ഈ ചിത്രം വിവിധ ഭാഷകളിൽ എടുത്തതാണ്; എല്ലാ സിനിമകളിലെയും നായികയായി അവർ തന്നെയായിരുന്നു. അവരുടെ മരണശേഷം ‘നൈറ്റ്ക്ലബ് മോഹിനി’ തുടങ്ങി നിരവധി സിനിമകൾ വന്നു. അവർ മരിക്കുമ്പോൾ നീല പ്രൊഡക്ഷൻസിന്റെ ‘വണ്ടിക്കാരി’യുടെ തിരക്കിലായിരുന്നെങ്കിലും അതിന്റെ കുറച്ചു ഭാഗം പൂർത്തിയാക്കിയിരുന്നുള്ളു; എന്നാൽ അവൾ അഭിനയിച്ചിട്ടില്ലാത്ത മറ്റൊരു ചിത്രമായ ‘യൗവനം’ എന്ന ചിത്രം കൂടി ഇതിൽ ഉൾപ്പെടുത്തി റിലീസ് ചെയ്തു. കടക്കാവൂരിലെ വൈദ്യശാല കുടുംബത്തിൽ പെട്ടയാളാണ് വിജയശ്രീ. അവരുടെ മൃതദേഹം അവിടെ എത്തിച്ചപ്പോർ എന്റെ അമ്മയും മറ്റ് ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അവരുടെ സഹോദരൻ അവിടെ താമസിക്കുന്നു. ഇതൊക്കെയാണ് ചില വസ്തുതകൾ. മറ്റുള്ളവ കെട്ടുകഥകൾ.


