കൊച്ചി: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്‌ചകൾക്ക് മുൻപേ ട്വന്റി 20 പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കിഴക്കമ്പലം പഞ്ചായത്ത് പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാർഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ അടക്കം 25 സ്ഥാനാർഥികളെയാണ് പ്രഖ്യപിച്ചത്.
90 ശതമാനം സ്ഥാനാർഥികളും സ്ത്രീകളാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്ര പുനർനിർമാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്‌ടീയ പാർട്ടി ഉറപ്പാക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി 20 മത്സരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കി. പോസ്റ്റർ പ്രചരണം, വാൾ പെയിൻ്റിങ്, നോട്ടീസ് വിതരണം, മൈക്ക് അനൗൺസ്മെൻ്റ് തുടങ്ങിയവ പൂർത്തിയാക്കിയതായി സാബു എം. ജേക്കബ് പറഞ്ഞു. മാങ്ങയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.



