ടൗൺസ്‌വിൽ സിറ്റി കൗൺസിൽ സംഘടിപ്പിച്ച ‘Townsville’s Carols by Candlelight 2025’ പരിപാടി ഏകദേശം 15,000 പ്രേക്ഷകരെ ആകർഷിച്ച ഒരു വമ്പിച്ച സാംസ്കാരിക ആഘോഷമായി മാറി. സംഗീതവും വൈവിധ്യമാർന്ന കലാരൂപങ്ങളും ഒരുമിച്ച് ആഘോഷിക്കപ്പെട്ട ഈ വേദിയിൽ, ‘ടൗൺസ്‌വിൽ താളംസ്’ അവതരിപ്പിച്ച ചെണ്ടപ്രകടനം ഇന്ത്യൻ പാരമ്പര്യ താളവൈവിധ്യവും ടൗൺസവിൽ ആസ്ഥാനമാക്കിയുള്ള The Royal Australian Regiment ആർമി ബാന്റിന്റെ ആദ്യ ബറ്റാലിയൻ (1 RAR) അവതരിപ്പിച്ച പാശ്ചാത്യ കരോൾ സംഗീതവും തമ്മിൽ മാറ്റുരച്ച അപൂർവമായ കലാസമന്വയമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
വേദിയിൽ മുഴങ്ങിയ ഓരോ ചെണ്ടതാളവും പ്രേക്ഷകരിൽ ആവേശം നിറച്ചപ്പോൾ, കേരളത്തിന്റെ സമ്പന്നമായ താളവാദ്യപാരമ്പര്യത്തിന്റെ ഊർജവും ശാസ്ത്രീയതയും വ്യക്തമായി പ്രതിഫലിച്ചു. ഈ ചെണ്ട പ്രകടനത്തിൽ ടൗൺസ് വില്ലിലെ, കേരളത്തിൻ്റെ യുവതലമുറയായ ജൈസ്, ജെനിസ, ആരോൺ, എഡ്‌വിൻ എന്നീ കലാകാരന്മാർ പങ്കെടുത്തു. അവരുടെ കൃത്യമായ താളക്രമം, ആത്മവിശ്വാസപൂർണ്ണമായ അവതരണം, പരസ്പര ഏകോപനം എന്നിവ ചേർന്ന് ചെണ്ട കലാരൂപത്തിന്റെ യഥാർത്ഥ ആത്മാവിനെ പൂർണ്ണതയോടെ ആസ്വാദ്യകരമാക്കി. ഓരോ താളമടിയും വേദിയെ ഉണർത്തുകയും പ്രേക്ഷകരെ സംഗീതത്തിന്റെ താളത്തിൽ അലിയിക്കുകയും ചെയ്തു.
ഇന്ത്യൻ പരമ്പരാഗത കലാരൂപമായ ചെണ്ടയുടെ ഊർജസ്വലമായ താളങ്ങൾ, പാശ്ചാത്യ കരോൾ ഗാനങ്ങളുടെ മൃദുലവും ആഹ്ലാദകരവുമായ സ്വരങ്ങളുമായി ലയിപ്പിച്ചാണ് ഈ അവതരണം രൂപകൽപ്പന ചെയ്തത്. ടൗൺസ്‌വിൽ താളംസിന്റെ ചടുലമായ മേളപ്പെരുക്കങ്ങൾ കരോൾ സംഗീതത്തിന് പുതുമയും ഗാംഭീര്യവും നൽകി. അതേസമയം RAR 1 ബാൻഡിന്റെ പാശ്ചാത്യവാദ്യസംഗീതം ഈ പ്രകടനത്തിന് ആഗോളശൈലിയും വൈവിധ്യവും സമ്മാനിച്ചു.
മെഴുകുതിരികളുടെ പ്രകാശത്തിൽ, ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അരങ്ങേറിയ ഈ പ്രകടനം, സംഗീതം ദേശവും സംസ്കാരവും അതിർവരമ്പുകളും മറികടക്കുന്ന സർവ്വഭൗമ ഭാഷയാണെന്ന സന്ദേശം ശക്തമായി മുന്നോട്ടുവച്ചു. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യങ്ങൾ പരസ്പര ബഹുമാനത്തോടെയും സൃഷ്ടിപരമായ സമീപനത്തോടെയും ഒന്നിക്കുമ്പോൾ എത്ര മനോഹരമായ കലാസൃഷ്ടികൾ പിറക്കാമെന്നതിന് ഈ അവതരണം മികച്ച ഉദാഹരണമായി മാറി.



