Friday, May 29, 2026
Home » വയനാട്ടിൽ കോൺഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.
വയനാട്ടിൽ കോൺഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.

വയനാട്ടിൽ കോൺഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.

by Editor

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരിത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്നാണ് കൽപറ്റയ്ക്കടുത്തുള്ള കുന്നമ്പറ്റയിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ആറ് മാസത്തിനുള്ളിൽ 100 വീടുകൾ നിർമിച്ചു നൽകാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നാശനഷ്ട‌ങ്ങൾ സംഭവിച്ചവർക്കുള്ള ധന സഹായവും ചടങ്ങിൽ കൈമാറി. നാൽപത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്.

നൂറുവീടുകളിൽ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമിക്കുന്നത്. എട്ട് സെന്റ്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. ഒരുനില കൂടി ഭാവിയിൽ നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ഭൂമി സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളും സർക്കാർ അനുമതികൾ ലഭിക്കാനുള്ള താമസവുമാണ് പദ്ധതി വൈകാൻ കാരണമായതെന്ന് ചടങ്ങിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. വരും മാസങ്ങളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ദുരന്തമുഖത്തെ കൂട്ടായ്മയ്ക്ക് താൻ സാക്ഷിയാണ്. ദുരന്തത്തെ ജനങ്ങൾ ധീരതയോടെ നേരിട്ടു. വയനാടിലെ ജനങ്ങൾക്കൊപ്പം എക്കാലവും തങ്ങളുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. ഇതിനോടകം ഭവന പദ്ധതി പൂർത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ദുരന്തത്തിന്റെ കാഴ്‌ചകൾ ഒരിക്കലും മറക്കാൻ ആകുന്നതല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. വയനാടിന് വേണ്ടി പാർലമെൻ്റിൽ നിരന്തരം ശബ്ദമുയർത്തി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉൾപ്പെടെ സംഘടിപ്പിച്ചു. നിങ്ങളുടെ ദുരിതത്തിൽ എക്കാലവും ഞങ്ങളുണ്ടാകും. ദുരുതബാധിതർക്ക് വീടൊരുക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ഒരു പാട് കടമ്പകൾ മുന്നിലുണ്ടായിരുന്നു. നിരവധി അനുമതികൾ വേണ്ടി വന്നു. വീട് നിർമാണം ആരംഭിക്കാൻ വൈകിയത് വിഷമിപ്പിച്ചു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും താൻ ഇവിടെയുള്ള ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘ജാതിമത വ്യത്യാസമില്ലാതെ പരസ്‌പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാൻ അപ്പോൾ നിങ്ങളുടെ എംപിയായിരുന്നില്ല. എൻ്റെ സഹോദരൻ രാഹുൽ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.’- പ്രിയങ്ക പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!