Saturday, November 29, 2025
Mantis Partners Sydney
Home » വിക്ടോറിയൻ പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്ത മാരകായുധങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന
വിക്ടോറിയൻ പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്ത മാരകായുധങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

വിക്ടോറിയൻ പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്ത മാരകായുധങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

by Editor

മെൽബൺ: വിക്ടോറിയൻ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൻ്റെ ഭാഗമായി പോലീസ് നടത്തുന്ന പരിശോധനകളിൽ പിടിച്ചെടുക്കുന്ന മാരകായുധങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഈ വർഷം ഇതുവരെ പതിനായിരത്തിലേറെ കത്തികളും വടിവാളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത്. കുറ്റവാളികളുമായി ബന്ധപ്പെട്ട തിരച്ചിലുകൾക്കിടെയും വൻതോതിൽ ആയുധശേഖരം പിടിച്ചെടുത്തു.

പ്രതിദിനം ശരാശരി 47 ആയുധങ്ങൾ പോലീസ് കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്. തുടർച്ചയായി രണ്ടാം വർഷമാണ് പിടിച്ചെടുക്കപ്പെടുന്ന മാരകായുധങ്ങളുടെ എണ്ണം പുതിയ റെക്കോർഡ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെയും യുവാക്കൾ ഉൾപ്പെട്ട സംഘാംഗങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ഊർജ്ജിതമായ പരിശോധനകളിലാണ് ഭൂരിഭാഗം ആയുധങ്ങളും കണ്ടെത്തിയത്.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം വിക്ടോറിയൻ പോലീസ് ചീഫ് ഊന്നിപ്പറഞ്ഞു. ഷോപ്പിങ് സെന്ററുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കത്തികൾക്കും വടിവാളുകൾക്കും യാതൊരു സ്ഥാനവുമില്ലെന്നും ഇവ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ വിക്ടോറിയൻ സർക്കാർ കൊണ്ടുവരുന്ന 14 വയസിന് മുകളിലുള്ള കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്‌താൽ മുതിർന്നവർക്ക് സമാനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന ‘അഡൽട്ട് ടൈം ഫോർ വയലന്റ് ക്രൈം’ എന്ന നിയമത്തെയാണ് പ്രതിപക്ഷം ശക്തമായി വിമർശിക്കുകയാണ്. നിലവിൽ കുട്ടി കുറ്റവാളികൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വർഷത്തെ തടവാണ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. പ്രീമിയർ ജസീന്ത അലൻ്റെ പ്രഖ്യാപനം അനുസരിച്ച് വർഷാവസാനത്തിന് മുമ്പ് തന്നെ ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 മുതൽ നിയമം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ഈ നിയമ പരിഷ്‌കരണത്തെ ‘ക്വീൻസ്‌ലാൻഡിലെ നിയമങ്ങളുടെ വെള്ളം ചേർത്ത പതിപ്പ്’ എന്ന് വിക്ടോറിയൻ പ്രതിപക്ഷ നേതാവ് ബ്രാഡ് വിശേഷിപ്പിച്ചു. നിയമം തിരക്കിട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്റെ നീക്കത്തെയും അദേഹം രൂക്ഷമായി വിമർശിച്ചു.

Send your news and Advertisements

You may also like

error: Content is protected !!