Mantis Partners Sydney
Wednesday, February 25, 2026
Mantis Partners Sydney
Home » “മധുരിക്കും ഓർമ്മകളെ…” ഗായകൻ സി.ഒ. ആൻ്റോയെ ഓർക്കാം
"മധുരിക്കും ഓർമ്മകളെ..." ഗായകൻ സി.ഒ. ആൻ്റോയെ ഓർക്കാം

“മധുരിക്കും ഓർമ്മകളെ…” ഗായകൻ സി.ഒ. ആൻ്റോയെ ഓർക്കാം

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

“ആൻ്റോ ശുദ്ധനാണ്. എന്തും തുറന്നുപറയുന്ന പ്രകൃതം. പണമുണ്ടാക്കാനുള്ള വിദ്യയൊന്നും കയ്യിലില്ല. ഉണ്ടാക്കിയ പണം സൂക്ഷിച്ചു വെക്കാനും കഴിഞ്ഞില്ല…. അതുകൊണ്ട് ജീവിതം പലപ്പോഴും വഴിമുട്ടി….” ഗായകൻ സി. ഒ. ആൻ്റോയെപ്പറ്റി, ദേവരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകളാണിവ.

അവസാനകാലത്തു ഒരു കൂടിക്കഴ്ച്ചയിൽ സി. ഒ. ആൻ്റോ, പാട്ടെഴുത്തുകാരൻ രവി മേനോനോനോട് പറഞ്ഞതിങ്ങനെയാണ്: “ജീവിതത്തെ വലിയൊരു തമാശയായി കാണാൻ പഠിച്ചിരിക്കുന്നു ഞാൻ. പഴയ കഥകളൊന്നും അധികം ഓർക്കാറില്ല. ഇപ്പോൾ ‘ഓൾഡ് ഈസ്‌ ഗോൾഡ്’ ഗാനമേളകളിൽ പാടുമ്പോഴാണ് ഞാൻ പാടിയ പാട്ടുകളൊക്കെ സാധാരണക്കാർ എത്ര സ്നേഹപൂർവമാണ് മനസ്സിൽ സൂക്ഷിക്കുന്നത് എന്നറിയുന്നത്. എൻ്റെ ഈ ചെറിയ ജന്മം പാഴായില്ല എന്ന് ബോധ്യമാകുന്ന നിമിഷങ്ങളാണവ…”

ജീവിത നൈരാശ്യത്തിൽ നിന്നു മുക്തി നേടുവാനുളള പരിശ്രമത്തിനിടയിലും വ്യസനം ശ്രുതിമീട്ടുന്നതാണീ വാക്കുകൾ… സി. ഒ. ആൻ്റോയെ സ്നേഹിക്കുന്ന കേഴ്‌വിക്കാരേ നൊമ്പരപ്പെടുത്തുന്നതുമായ വാക്കുകൾ…

പ്രശസ്തനായ നാടക-ചലച്ചിത്ര പിന്നണി ഗായകനായിരുന്ന സി.ഓ. ആൻ്റോക്ക്‌ ഒരു തമാശ പാട്ടുകാരൻ എന്ന ലേബൽ വീണുപോയിരുന്നതു കൊണ്ട് വളരെയൊന്നും ‘മെലഡികൾ’ പാടാൻ ലഭിച്ചില്ല.
“എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും…” (‘ഡോക്ടർ’- നാടകഗാനം- 196);
“മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ…” (‘ജനനി ജന്മഭൂമി’ നാടകഗാനം- 1963),
“വീടിനു പൊന്മണി വിളക്കു നീ” (‘കുടുംബിനി’ സിനിമ-1964)
“കുന്നത്തൊരു കാവുണ്ട്..” (‘ആസുരവിത്ത്’ സിനിമ -1968 ) തുടങ്ങിയവ പാടിയ ഈ ഗായകന് പിന്നീട്,
“പാപ്പീ അപ്പച്ചാ…” (‘മയിലാടുംകുന്ന്’- 1972) പോലുള്ള പാട്ടുകണ്ട്‌ തൃപ്തിയടയേണ്ടി വന്നു.

എറണാകുളം നഗര പ്രദേശത്തെ (ഹൈകോർട്ടിന് സമീപം) കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആൻ്റോയുടെ ജനനം; 1936 മേയ് 25-ന്. ദാരിദ്ര്യം മൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.

ജന്മനാ സംഗീത വാസനയുണ്ടായിരുന്ന ആൻ്റോയുടെ കഴിവ് മനസ്സിലാക്കിയ, ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാനയ്ക്കു വന്ന എറണാകുളത്തെ മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആൻ്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമ കൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആൻ്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിനടുത്തുള്ള ‘താൻസൻ മ്യൂസിക് ക്ലബി’ൽ ചേർന്നു. അതോടെ പുസ്തകവില്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആൻ്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ, ആൻ്റോയെ കണ്ടുമുട്ടുന്നതും ‘ജീവിതം അവസാനിക്കുന്നില്ല‘ എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും. ഈ നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻ്റോ നാടക രംഗത്തെത്തിയത്.

ആ നാടക സമിതി പിളർന്ന്, പി.ജെ. ആൻ്റണിയുടെ നേതൃത്വത്തില്‍ ‘ആസാദ് ക്ലബ്‘ രൂപീകരിച്ചപ്പോൾ ആൻ്റോ, പി. ജെ.-ക്കൊപ്പം കൂടി. അവരുടെ ആദ്യനാടകം ‘മുന്തിരിച്ചാറില്‍ കുറെ കണ്ണീര്‍’ അരങ്ങേറിയപ്പോള്‍ അതിൽ ആൻ്റോ പാടി. അതോടെ ഒരു നാടക ഗായകനായി ആൻ്റോ അറിയപ്പെടാൻ തുടങ്ങി. പി.ജെ. ആൻ്റണിയുടെ നാടക സമിതിയിലെ, ആസാദ് ആർട്സ് ക്ലബിലെ, പാട്ടുകളെ തുടർന്ന്, കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ചെറുകാടിന്റെ തൃശൂർ കേരള കലാവേദി തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാളിദാസ കലാകേന്ദ്രത്തിന്റെ പ്രസിദ്ധമായ ‘ഡോക്ടര്‍‘ (1962) എന്ന നാടകത്തിലൂടെ ദേവരാജന്‍ മാഷാണ് ആൻ്റോയെ പ്രൊഫഷണൽ നാടക രംഗത്തിനു പരിചയപ്പെടുത്തിയത്. നാടകലോകത്ത് ആൻ്റോയുടെ ശബ്ദത്തിൻ്റെ സാദ്ധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ദേവരാജനാണ്.

ചെറുകാടിൻ്റെ ‘നമ്മളൊന്ന്‘ എന്ന നാടകത്തിലെ പാട്ട് അദ്ദേഹത്തെ സിനിമയിലും എത്തിച്ചു. മദ്രാസില്‍ നാടകം കാണാനിടയായ ‘വെണ്ണിലാ പിക്‌ചേഴ്‌സി‘ലെ ഒരു ഉദ്യോഗസ്ഥന്‍ തങ്ങളുടെ പുതിയ സിനിമയിലേക്ക് പാടാന്‍ ആൻ്റോയെ ക്ഷണിച്ചു.

‘ഒരു ഞെട്ടിൽ ഇരു പൂക്കൾ’ എന്ന സിനിമക്ക് വേണ്ടി ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിലായിരുന്നു ആദ്യ ഗാനം. ആദ്യഗാനത്തിൻ്റെ റെക്കോഡിങ് അനുഭവം സി. ഒ. ആൻ്റോ ഓര്‍ത്തെടുത്തത്‌ ഇങ്ങനെയാണ്: “ആദ്യമായി സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ച് മദിരാശിയിൽ എത്തിയതാണ് ഞാൻ. പടം ‘ഒരു ഞെട്ടില്‍ ഇരു പൂക്കള്‍’. സംഗീത സംവിധാനം ദക്ഷിണാമൂര്‍ത്തി. വിവരണാതീതമായ ആഹ്ലാദത്തോടെയാണ് മദിരാശിയിൽ വെണ്ണിലാ പിക്‌ചേഴ്‌സിന്റെ ഓഫീസില്‍ എത്തിയത്. രണ്ടു ദിവസം കൂടി കാത്തിരിക്കാനായിരുന്നു അവിടെ ചെന്നപ്പോള്‍ ലഭിച്ച നിര്‍ദേശം. കൂടെ പാടേണ്ട പി. ലീല, തെലുങ്ക്, തമിഴ് സിനിമകളിലെ റെക്കോഡിങ്ങുകളുടെ തിരക്കിലാണ്. ട്രാക്ക് എടുത്തുവെക്കുന്ന സമ്പ്രദായം അന്നില്ല. അവര്‍ എത്തിയിട്ടേ പാട്ട് ആലേഖനം ചെയ്യാന്‍ പറ്റൂ. ഞാൻ ക്ഷമയോടെ കാത്തിരുന്നു. രണ്ടും മൂന്നും ദിവസമല്ല; ഒന്നര മാസം. ഒടുവില്‍ ഒരുനാള്‍ തിടുക്കത്തില്‍ വന്നെത്തി ലീല പാട്ട് റെക്കോഡ് ചെയ്ത് സ്ഥലം വിടുകയും ചെയ്തു. അന്നത്തെ പി. ലീലയുടെ തിരക്ക് ഇന്നുള്ളവര്‍ക്ക് സങ്കല്പിക്കാന്‍പോലും ആവില്ല. അവരുടെ പാട്ടില്ലാതെ ഒരു ഭാഷയിലും പടം പുറത്തിറങ്ങില്ല എന്നതായിരുന്നു സ്ഥിതി…”

‘ഒരു ഞെട്ടിൽ ഇരുപൂക്കൾ’ എന്ന ചിത്രത്തിൽ പി. ലീലയോടൊപ്പമുള്ള യുഗ്മഗാനം പാടുവാനായി മദ്രാസിൽ താമസിക്കുന്നതിനിടയിൽ, കൊളമ്പിയ കമ്പനിയുടെ മാനേജര്‍ കണ്ണന്‍, കമ്പിനിക്കായി പാടുവാൻ അദ്ദേഹത്തെ ക്ഷണിക്കുന്നു. കെടാമംഗലം സദാനന്ദൻ എഴുതിയ രണ്ടു ഗാനങ്ങള്‍ ഈണമിടാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു.

‘ഒരു ഞെട്ടിൽ ഇരുപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ആൻ്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ‘കടലമ്മ‘ (1963) എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാളചലച്ചിത്ര പ്രേക്ഷകർ ആൻ്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.

സിനിമയിൽ സി. ഒ. ആൻ്റോ പാടിയതേറെയും തമാശപ്പാട്ടുകളും കോറസ് ഗാനങ്ങളും. തുടക്കത്തിൽ സൂചിപ്പിച്ച ചില ഗാനങ്ങൾക്ക് പുറമെ “കിലുകിലുക്കാം ചെപ്പുകളേ..” (‘കതിരുകാണാക്കിളി’), “കണ്ണില്ലാത്തൊരീ ലോകത്തിൽ…”, “അന്തിചെങ്കതിരവൻ…” (‘കടൽപ്പാലം’), “മാനത്തെ മഴവില്ലിനേഴു നിറം”, “വാസന്ത രാവിൽ മൺവിളക്കേന്തിയ” (‘കാക്കപ്പൊന്ന്’) തുടങ്ങിയ ചുരുക്കം ചില ഗാനങ്ങൾ മതമേ ഇതിനു അപവാദമായുള്ളു. ആൻ്റോ, ഗ്രേസിയോടൊത്ത് പാടിയ “കടത്തുകാരിപ്പെണ്ണേ, ഞാനൊന്നടുത്തിരുന്നോട്ടേ…” എന്ന ഗാനം ഒരു കാലത്ത് ഹിറ്റായിരുന്നു.

“തമാശപ്പാട്ടുകളെ ഒരിക്കലും വെറുത്തില്ല ആൻ്റോ. സാധാരണക്കാരായ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ തന്നെ സഹായിച്ചത് അത്തരം പാട്ടുകളാണ് എന്നറിയാമായിരുന്നു അദ്ദേഹത്തിന്. ‘മയിലാടുംകുന്നി’ലെ (1972) “പാപ്പീ അപ്പച്ചാ…” ഉദാഹരണം. മരിക്കും വരെ ആൻ്റോയുടെ സ്റ്റേജ് പ്രോഗ്രാമുകളുടെ മുഖ്യ ആകർഷണമായിരുന്നു ലതാ രാജുവിനോപ്പം പാടിയ ഈ രസികൻ ഗാനം.” എന്നു പാട്ടെഴുത്തുകാരൻ രവി മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.

1990-കൾ മുതൽ ആന്റോ ‘ഓൾഡ് ഈസ്‌ ഗോൾഡ്’ ഗാനമേളകളിൽ സജീവമായി ആൻ്റോ ഗാനമേളയുടെ അരങ്ങിൽ പാടി. ആദ്യകാലത്തെ ഏഷ്യാനെറ്റ് ചാനലിലെ ‘പൂമരക്കൊമ്പ്‌‘ പരിപാടിയിലും പാടിക്കേട്ടത് ഓർമ്മയുണ്ട്.

അർബുദരോഗ ബാധിതനായി നീണ്ട കാലം കഴിച്ചു കൂട്ടിയ അദ്ദേഹം, 2001 ഫെബ്രുവരി 24-ന്, 64-ാം വയസിൽ, ചെന്നൈ വടപളനിയിൽ വച്ച് അന്തരിച്ചു.

ഭാര്യ: ത്രേസ്യ; മക്കൾ: ആന്റണി, സംഗീത.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!