Mantis Partners Sydney
Friday, March 13, 2026
Mantis Partners Sydney
Home » ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Editor
Send your news and Advertisements

ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിൽ സംഘർഷം വർദ്ധിക്കുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി. ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്.

പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാത സ്വീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചരക്കുനീക്കവും ഊർജ്ജ വിതരണവും തടസ്സമില്ലാതെ നടക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാനുമായി സംസാരിച്ചു, മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ എൽപിജി ഇറക്കുമതിയിൽ ഇന്ത്യയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാചകവാതക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായതിന് പിന്നാലെയാണ് മോദി ഇറാൻ പ്രസിഡന്‍റുമായി സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും മോദി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

സമാധാനത്തിനായുള്ള ഉപാധികൾ മുന്നോട്ടുവെച്ച്‌ ഇറാൻ; കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാൻ്റെ 16 കപ്പലുകൾ തകർത്തതായി യുഎസ്.

You may also like

error: Content is protected !!