റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പാക്കിസ്ഥാൻ സൈനിക സംഘം യുദ്ധ വിമാനങ്ങളുമായി സൗദി അറേബ്യയിലെത്തി. തന്ത്രപ്രധാനമായ പ്രതിരോധ കരാറിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സൈനിക സംഘവും സൗദി അറേബ്യയിലെത്തിയത്. പാക് സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മേഖലയിൽ യുഎസ്-ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഈ സൈനിക നീക്കം. സൗദിയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെത്തുടർന്ന് സൗദിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ വിന്യാസമെന്നും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ, സപ്പോർട്ടിങ് വിമാനങ്ങൾ എന്നിവയുമായിട്ടാണ് പാക് സൈന്യം എത്തിയതെന്ന് സൗദി മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.
2025 സെപ്റ്റംബർ 17-ന് പാക്കിസ്ഥാനും സൗദിയും തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു. ഈ കരാർ പ്രകാരം, ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു. ഇറാനെതിരെ സൗദി സൈനിക നടപടി സ്വീകരിക്കുകയാണെങ്കിൽ പാക്കിസ്ഥാനും ഒപ്പംചേരാൻ നിർബന്ധിതരാകും.
അതേസമയം യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്നുവരികയാണ്. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ പാക്കിസ്ഥാൻ സമയം അർദ്ധരാത്രി പിന്നിട്ടും തുടർന്നു. അഭിപ്രായവ്യത്യാസങ്ങളിൽ കൃത്യമായ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിക്കാത്ത സാഹചര്യത്തിൽ ഞായറാഴ്ചയും ചർച്ചകൾ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചില വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകൾ തുടരുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമായ പ്രധാന പ്രതിസന്ധിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സമാധാന ചർച്ച: തീരുമാനമായില്ല; ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ

