Friday, May 29, 2026
Home » യുഎസ്-ഇറാൻ ചർച്ചയിൽ പാക്കിസ്ഥാനെ പരിഹസിച്ച് ശശി തരൂർ
ശശി തരൂർ

യുഎസ്-ഇറാൻ ചർച്ചയിൽ പാക്കിസ്ഥാനെ പരിഹസിച്ച് ശശി തരൂർ

by Editor

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാനുള്ള ചർച്ചകളോടനുബന്ധിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സിൽ പങ്കുവച്ച കുറിപ്പിനെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ X (ട്വിറ്റർ) പോസ്റ്റിലുണ്ടായ പിഴവിനെ മുൻനിർത്തിയായിരുന്നു തരൂരിന്റെ പ്രതികരണം. പാക് പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിന് മുകളിൽ “Draft – Pakistan’s PM Message on X” എന്ന തലക്കെട്ട് ഉൾപ്പെട്ടതിനെ തരൂർ പരിഹസിച്ചു. ഈ സന്ദേശം വാഷിംഗ്ടൺ തയ്യാറാക്കി നൽകിയതാണെന്ന ആരോപണങ്ങളെ ഇത് ശരിവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷെരീഫിന്റെ പോസ്റ്റിന് മുകളിൽ ‘Draft – Pakistan’s PM Message on X’ എന്ന തലക്കെട്ട് വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ആ ട്വീറ്റ് വാഷിങ്‌ടണിൽ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേൾക്കുന്നത്. ഇപ്പോ ഞാനും നിങ്ങളും ചേർന്ന് നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി എന്തെങ്കിലും എഴുതുകയാണെങ്കിൽ, അതിൻ്റെ മുകളിൽ ‘പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ്’ എന്ന് നമ്മൾ എഴുതിവയ്ക്കുമോ? അമേരിക്കയുമായി ചേർന്ന് ഇങ്ങനെയൊക്കെയുള്ള കളി കളിക്കാൻ പാക്കിസ്ഥാന് മാത്രമേ സാധിക്കൂ’ എന്നായിരുന്നു തരൂരിന്റെ വിമർശനം.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പാക്കിസ്ഥാനിലെത്തിയ സാഹചര്യത്തിലാണ് തരൂരിൻ്റെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് പ്രധാനമന്ത്രി ഉപയോഗിച്ച ഭാഷയും ശൈലിയും വാഷിംഗ്ടണിന്റേതാണെന്നും, ചില പ്രയോഗങ്ങൾ ഡൊണാൾഡ് ട്രംപിന്റെ വാക്കുകളോട് സാമ്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊന്നും കണ്ട് നമ്മൾ പേടിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ പാക്കിസ്ഥാൻ്റെ താൽപര്യങ്ങൾ നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. അവിടെ അവരുമായി നമുക്ക് ഒരു മത്സരവുമില്ല. എങ്ങനെയെങ്കിലും അവിടെ സമാധാനം ഉണ്ടായാൽ മതി. കാരണം ഈ യുദ്ധം ഇന്ത്യയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാനാണോ അതോ മറ്റാരെങ്കിലും ആണോ മധ്യസ്ഥത വഹിക്കുന്നത് എന്നതിലല്ല കാര്യം, യുദ്ധം അവസാനിക്കണം എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും അദേഹം പറഞ്ഞു.

ഇറാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. യുദ്ധം രൂക്ഷമായാൽ അഭയാർത്ഥി പ്രവാഹം ആദ്യം ബാധിക്കുക പാക്കിസ്ഥാനെയാണ്. നയതന്ത്ര കാര്യങ്ങളിൽ ചിലപ്പോൾ നിശബ്ദത പാലിക്കുന്നതും വലിയൊരു കാര്യമാണ്. ഇന്ത്യ ഏത് തരത്തിലുള്ള ഇടപെടലാണ് നടത്തേണ്ടതെന്ന് നമ്മൾ കൃത്യമായി ചിന്തിക്കണം. ചിലപ്പോഴൊക്കെ ഒച്ചപ്പാടില്ലാതെ മിണ്ടാതിരിക്കുന്നതാകും ഏറ്റവും വലിയ സഹായം.

പാക്കിസ്ഥാൻ മധ്യസ്ഥനാകുന്നത് ഇന്ത്യയുടെ വിദേശ നയത്തിന് തിരിച്ചടിയാണെന്ന വിമർശനത്തോടൊന്നും തനിക്ക് യോജിപ്പില്ല. ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു രാജ്യമാണ്. പക്ഷേ ഒന്നിലും ഇടപെടാതെ വെറുതെ ഇരിക്കരുത്. ആ ഒരു വിടവ് വലിയ അപകടമാണ്. അത് നമ്മളെ പല രീതിയിലും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!