Home » ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ ഇന്ന്: യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ പുട്ടിൻ
ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ ഇന്ന്: യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ പുട്ടിൻ

ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ ഇന്ന്: യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ പുട്ടിൻ

by Editor
Send your news and Advertisements

ഓർത്തഡോക്സ് സഭയുടെ കലണ്ടർ പ്രകാരം ഇന്ന് (ഏപ്രില്‍ 12)-നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത്.  പാശ്ചാത്യ സഭകൾ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുമ്പോൾ, മിക്ക ഓർത്തഡോക്സ് സഭകളും പുരാതനമായ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്. അതിനാൽ പലപ്പോഴും ഓർത്തഡോക്സ് ഈസ്റ്റർ പാശ്ചാത്യ ഈസ്റ്ററിന് ഒരാഴ്ചയ്ക്ക് ശേഷമോ ചിലപ്പോൾ ഒരു മാസത്തിന് ശേഷമോ ആണ് വരുന്നത്.

ഇത്യോപ്യ, എറിട്രിയ, ഈജിപ്‌ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രയിൻ, കസഖ്‌സ്‌ഥാൻ, മൊൾ‍ഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, ടർക്കി, സിറിയാ, ഇസ്രയേൽ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്‌തവർ പുരാതനമായ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കി ഈസ്റ്റർ തീയതി നിശ്ചയിക്കുന്നതിനാൽ മിക്കവർഷവും വൈകിയാണ് ഈസ്‌റ്റർ ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഓർത്തഡോക്സ്‌ സഭകളായ മലങ്കര ഓർത്തഡോക്സ്‌ സഭയും, സിറിയക് ഓർത്തഡോക്സ്‌ (യാക്കോബായ) സഭയും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ് ഈസ്‌റ്റർ തീയതി നിശ്ചയിക്കുന്നത്. ക്രിസ്‌മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസം വരാറുണ്ട്.

കേരളത്തിലെ പല സഭകളും 1952 – 1953 കാലത്താണ് ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചത്.  കേരളത്തിലെ ഓർത്തഡോക്സ്‌ സഭകളായ യാക്കോബായ സഭ (സിറിയക് ഓർത്തഡോക്സ്‌ സഭ) 1952 ഡിസംബര്‍ 15 -ന് യല്‍ദോ നോമ്പാരംഭത്തിനും (പ. അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന നമ്പര്‍ 620/05-11-1952), മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ്‌ സഭ 1953 മേയ് 14-ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന നമ്പര്‍ 59/16-04-1953) ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്.

യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ പുട്ടിൻ

ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച്‌ യുക്രെയ്ൻ യുദ്ധമുന്നണിയില്‍ 32 മണിക്കൂർ വെടിനിർത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഞായറാഴ്ച അർദ്ധരാത്രി വരെയാണ് വെടിനിർത്തല്‍ പ്രാബല്യത്തിലുണ്ടാകുക. റഷ്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, യുക്രെയ്നും വെടിനിർത്തല്‍ പാലിക്കുമെന്ന് അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രേ ബെലൂസോവ് എല്ലാ യുദ്ധമുന്നണികളിലും സൈനിക നടപടികള്‍ നിർത്തിവെക്കാൻ ഉത്തരവിട്ടു.

You may also like

error: Content is protected !!