Friday, May 8, 2026
Home » വോട്ടർപട്ടികയിൽ പേരില്ല; വീണനായർക്ക് പകരം ആതിര ഡി നായർ, ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കല്‍
വോട്ടർപട്ടികയിൽ പേരില്ല; വീണനായർക്ക് പകരം ആതിര ഡി നായർ, ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കല്‍

വോട്ടർപട്ടികയിൽ പേരില്ല; വീണനായർക്ക് പകരം ആതിര ഡി നായർ, ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കല്‍

by Editor

കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാത്തതുകൊണ്ട് നടി വീണ നായർക്കു പകരം 25-കാരിയായ ആതിര ഡി. നായരെ ഏറ്റുമാനൂർ സ്‌ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. ഇതേകാരണത്താൽ തന്നെ നടി ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി വർഗീസ് പാത്തിക്കലിനെ എൻഡിഎയുടെ പെരുമ്പാവൂർ സ്‌ഥാനാർഥിയായും പ്രഖ്യാപിച്ചു. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ എൻഡിഎയ്ക്ക് മാറ്റേണ്ടി വന്നത്. ഇതുൾപ്പെടെ 3 മണ്ഡലങ്ങളിൽ കൂടി ട്വൻ്റി 20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻഡിഎ മുന്നണിയിൽ ആകെ 20 സീറ്റിലാണ് ട്വൻ്റി 20 മത്സരിക്കുന്നത്.

പെരുമ്പാവൂരില്‍ പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ, ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും റോഡ് ഷോയും മാറ്റിവെച്ച് തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. അതിനിടയിലാണ് ഏറ്റുമാനൂരില്‍ പ്രഖ്യാപിച്ച വീണാ നായര്‍ക്കും വോട്ടര്‍ ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനൊടുവിലാണ് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന ജിബി വര്‍ഗീസ് എന്ന ജിബി പാത്തിക്കലിനെ രംഗത്ത് എത്തിച്ചത്.

ഏറ്റുമാനൂരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും നര്‍ത്തകിയും ശാസ്ത്രീയ സംഗീതജ്ഞയുമായ ആതിര ഡി നായരെയാണ് പകരക്കാരിയായി കണ്ടെത്തിയത്. കമ്പ്യൂട്ടർ സയൻസിൻ ബിരുദാനന്തര ബിരുദമുള്ള ആതിര രണ്ടര വർഷം കോളജ് അധ്യാപികയായും പ്രവർത്തിച്ചു. നേരത്തെ പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം നിശ്ചയിച്ച ജിബി വർഗീസ് പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സഭ മാനേജിങ് കമ്മറ്റി അംഗവുമാണ്.

ഇതിനു പുറമെ മൂവാറ്റുപുഴ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി ഇടുക്കി ചെമ്പകപ്പാറ സ്വദേശിയായ സണ്ണി കടൂത്താഴെയെ പ്രഖ്യാപിച്ചു. മോട്ടിവേഷണൽ ട്രെയിനറും കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്. പത്തനാപുരത്ത് മുൻ വ്യോമസേനാ അംഗവും മാനേജ്മെന്റ് വിദഗ്‌ധനുമായ അനിൽ കുമാർ എസിനെ (അനിൽ പിള്ള) എൻഡിഎ സ്‌ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. മോട്ടിവേഷണൽ കോച്ച്, കരിയർ കൗൺസിലർ, ആർടിഐ പ്രവർത്തകൻ എന്ന നിലയിലും സജീവമാണ്.

ട്വൻ്റി 20 മത്സരിക്കുന്ന പുനലൂരിൽ അഭിഭാഷകനായ ബി.രഘുനാഥൻ പിള്ള (രഘുനാഥ് കമുകുംചേരി)യാണ് സ്‌ഥാനാർഥി. ബിജെപി അംഗമാണ്. ലക്ഷ്‌മിപ്രിയയ്ക്കും വീണ നായർക്കും പുറമെ തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ, തൃക്കാക്കരയിൽ റിയാലിറ്റി ഷോ വിജയിയും സംവിധായകനുമായ അഖിൽ മാരാർ തുടങ്ങിയവരുടെ സ്‌ഥാനാർഥിത്വവും ട്വൻ്റി 20 പ്രഖ്യാപിച്ചിരുന്നു.

Legislative Assembly Election Keralam: Candidates >> 

ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല; സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം.

Send your news and Advertisements

You may also like

error: Content is protected !!