കവിയും ഗാനരചയിതാവും ആയിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വിട പറഞ്ഞിട്ട് ഒരു വർഷം; സിനിമയുടെ കഥ – തിരക്കഥ – മൊഴിമാറ്റരചന എല്ലാം നിർവഹിച്ചിരുന്ന ഇദ്ദേഹം ഒരു ഗാനരചയിതാവെന്ന നിലയിൽ തന്നെയാണ് പ്രശസ്തി നേടിയത്.
“നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി” എന്നു തുടങ്ങുന്ന, ഉപശീർഷക സൂചനയിലെ പ്രസിദ്ധമായ ഗാനം, ‘ബാബു മോൻ’ (1975) എന്ന ചിത്രത്തിനു വേണ്ടി മങ്കൊമ്പ് രചിച്ച് എം.എസ്. വിശ്വനാഥൻ സംഗീതം പകർന്ന് യേശുദാസ് ആലപിച്ചതാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ഗോവിന്ദൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 1947-ൽ ഗോപാലകൃഷ്ണൻ ജനിച്ചു. ചെറുപ്പകാലം മുതൽ വായനയിലും സാഹിത്യത്തിലും അതീവ താല്പര്യം പ്രകടമാക്കിയിരുന്നു; കവിത രചനയും നടത്തിയിരുന്നു.
പഠനം കഴിഞ്ഞ് ഗോപാലകൃഷ്ണൻ ആദ്യമായി ഒരു ജോലി കിട്ടിയത് ഗ്രന്ഥശാലാ സംഘത്തിൻ്റെ ഔദ്യോഗിക മാസികയായ ‘ഗ്രന്ഥാലോക’ത്തിൽ ആണ്. അക്കാലത്ത് ‘കൗമുദി’യിൽ വയലാർ രചനകളെക്കുറിച്ച് ഒരു ലേഖനം എഴുതിയതോടെ വയലാറുമായി ഒരു പരിചയബന്ധം സ്ഥാപിക്കാൻ സാധിച്ചു.
സിനിമാരംഗത്ത് എത്തിപ്പെടാനുള്ള മോഹം നിമിത്തം ‘ഗ്രന്ഥാലോക’ത്തിലെ ജോലി ഉപേക്ഷിച്ച് ഗോപാലകൃഷ്ണൻ മദ്രാസ്സിലേക്ക് പോയി. അവിടെ ‘അന്വേഷണം’ മാസികയിൽ ഒരു ജോലി കിട്ടി. ഒപ്പം ചില മലയാളം സിനിമാ വാരികകളുടെ മദ്രാസ് ലേഖകനായും പ്രവർത്തിച്ചു.
മങ്കൊമ്പിന് ഒരു സിനിമാഗാനം രചിക്കാനുള്ള ആദ്യഅവസരം ലഭിക്കുന്നത് 1971-ൽ ആണ്. ‘വിമോചനസമരം’ എന്ന സിനിമയിൽ “പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും..” എന്ന ഗാനമെഴുതിക്കൊണ്ടാണ് ചലച്ചിത്ര ഗാനരചനാ രംഗത്തെ ആ തുടക്കം. തുടർന്ന് ചില സിനിമകളിലൊക്കെ പാട്ടുകളെഴുതിയെങ്കിലും ഹരിഹരൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ‘അയലത്തെ സുന്ദരി’യിലെ (1974) ഗാനങ്ങളിലൂടെയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന ഗാനരചയിതാവ് പ്രശസ്തിയിലേക്കുയരുന്നത്. “ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…” എന്ന ഗാനം ഇതിലുള്ളതാണ്. തുടർന്ന്, നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ രചിച്ചു. ‘ബാബുമോൻ’ (1975) എന്ന സിനിമയിലെ “നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ…” എന്ന ഗാനത്തോടെ മങ്കൊമ്പ് ഗാനരചനാ രംഗത്തെ ഒരു താരമായി.
‘യുദ്ധഭൂമി’ യിലെ “ആഷാഡമാസം ആത്മാവിൽ മോഹം…”, ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന സിനിമയിലെ “ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…”, ‘സുജാത’യിലെ “കാളിദാസന്റെ കാവ്യഭാവന…“, ‘യാഗാശ്വ’ത്തിലെ “വെളിച്ചം വിളക്കണച്ചു…”, ‘സ്വർണ്ണമീനി’ലെ “മാണിക്യ പൂ മുത്ത് മരിമ്പ പൂ മോള്…” തുടങ്ങിയ നിരവധി അനശ്വര ഗാനങ്ങൾ മങ്കൊമ്പിൻ്റെ തുലിയിലൂടെ വാർന്നുവീണു. ഇത്തരം നിത്യഹരിത ഗാനങ്ങളുൾപ്പെടെ നിരവധി മനോഹര ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
പിന്നീട് അദ്ദേഹം വ്യാപരിച്ച മൊഴിമാറ്റ ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടെ 485- ഗാനങ്ങൾ മങ്കൊമ്പ് എഴുതി എന്നാണ് ചില രേഖപ്പെടുത്തലുകളിൽ വായിച്ചിട്ടുള്ളത്.
‘സ്വർണ്ണവിഗ്രഹം’ (1974) എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എഴുതിക്കൊണ്ട് ചലച്ചിത്ര രചനാരംഗത്തും ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു. തുടർന്ന് അഞ്ച് സിനിമകൾക്ക് കഥ എഴുതുകയും നാല് സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. ‘കുറ്റവും ശിക്ഷയും’, ‘റൂബി മൈ ഡാര്‍ലിംഗ്’, ‘ഇവള്‍ ഈ വഴി’ ഇതുവരെ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകൾക്ക് അദ്ദേഹം സംഭാഷണവും രചിച്ചിട്ടുണ്ട്. ‘പൂമഠത്തെ പെണ്ണ്’ എന്ന സിനിമയിലൂടെ നിർമ്മാതാവുമായി. ഈ ചിത്രം അദ്ദേഹത്തിലുണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത വലുതായിരുന്നു.
‘മൂട് പനി’ എന്ന തമിഴ് ചിത്രം (സംവിധാനം: ബാലു മഹേന്ദ്ര ) ‘മഞ്ഞ് മൂടൽമഞ്ഞ്’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്യാഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റ രചനാ മേഖലയിലേക്ക് കടക്കുന്നത്. അതിന് ശേഷം തെലുങ്കിലെ ‘കൊണ്ടവീട് സിംഹം’ എന്ന ചിത്രം മലയാളത്തിലേക്ക് ‘അഗ്നിയാണു ഞാന്‍ അഗ്നി’ എന്ന പേരില്‍ മൊഴിമാറ്റിക്കൊണ്ട് തെലുഗു സിനിമാ ഡബ്ബിംഗ് മൊഴിമാറ്റ രംഗത്തും സജീവമായി. ‘ബാഹുബലി’ (ഒന്നും രണ്ടും) മലയാളത്തിലേക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ആണ്. ഇങ്ങനെ നിരവധി സിനിമകൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. ഈ മൊഴിമാറ്റ ചിത്രങ്ങളിലെല്ലാം ഗാനരചന നിർവ്വഹിച്ചതും മങ്കൊമ്പ് തന്നെയായിരുന്നു.
ഗാനരചനയിലും മറ്റും തിരക്കു കുറഞ്ഞതോടെ മങ്കൊമ്പ് തൻ്റെ താമസം കൊച്ചിയിൽ വൈറ്റിലക്കടുത്തുള്ള തൈക്കുടത്തേക്ക് മാറ്റി. 2025 മാർച്ച് 17നു വൈകീട്ട് 4.45നു കൊച്ചിയിൽ വച്ച് മങ്കൊമ്പ് അന്തരിച്ചു. 78-ാം വയസ്സിലാണ് അന്ത്യം. ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്).
ആർ. ഗോപാലകൃഷ്ണൻ
വാലറ്റം: മങ്കൊമ്പ് തിരുവനന്തപുരത്തു ജോലി ചെയ്യുന്ന ആദ്യകാലം: വയലാർ രാമവർമ്മയുടെ ഗാനങ്ങളിലെ ഈശ്വര നിഷേധത്തെ കുറിച്ച് വിശദമായ ഒരു പഠനം എഴുതി മങ്കൊമ്പ് ‘കൗമുദി’ വാരികയിൽ പത്രാധിപർ കെ ബാലകൃഷണനെ ചെന്ന് കൊടുക്കുന്നു. ലേഖനം വാങ്ങിവെച്ച ശേഷം വയലാറിനെ വിളിച്ചു വിവരം പറയുന്നു ബാലേണ്ണൻ. ലേഖനത്തിന്റെ ആശയമറിഞ്ഞപ്പോൾ വയലാറിനും സന്തോഷം. ഇടക്ക് സിനിമാസംബന്ധിയായ കുറിപ്പുകൾ എഴുതാറുള്ളതുകൊണ്ട് മങ്കൊമ്പിനെ വയലാറിന് നേരത്തെ അറിയാം. “ഈശ്വര നിഷേധം ആണല്ലോ ചർച്ചാവിഷയം. എന്നാൽപ്പിന്നെ അത്തരത്തിലുള്ള എന്റെയൊരു കവിത കൂടി ഇരിക്കട്ടെ പുതിയ ലക്കത്തിൽ” എന്നായി വയലാർ. ബാലേണ്ണന് സന്തോഷം. ആ ലക്കം കൗമുദിയുടെ ആദ്യ പേജിൽ വയലാറിന്റെ ജ്വാലാവിഭ്രാന്തി എന്ന കവിതയും മൂന്നാം പേജിൽ മങ്കൊമ്പിന്റെ ലേഖനവും അച്ചടിച്ചു വന്നത് അങ്ങനെയാണ്. – രവി മേനോൻ


