Wednesday, May 27, 2026
Home » ഇസ്രയേൽ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്; ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തെ വിശ്വാസമില്ല എന്ന് ഇസ്രയേൽ.
ഇസ്രയേൽ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്; ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തെ വിശ്വാസമില്ല എന്ന് ഇസ്രയേൽ.

ഇസ്രയേൽ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്; ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തെ വിശ്വാസമില്ല എന്ന് ഇസ്രയേൽ.

by Editor

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേല്‍ വിനാശകാരിയായ രാജ്യമാണെന്നും ഗാസയിലും ഇറാനിലും, ഇപ്പോള്‍ ലെബനനിലും നിരപരാധികളായ ജനങ്ങളെ അവര്‍ കൊന്നൊടുക്കുകയാണെന്നും, പലസ്തീന്റെ മണ്ണില്‍ ഈ വിനാശകാരിയായ രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ എന്നുമാണ് ഖ്വാജ ആസിഫ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തിയത്.

പോസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഉന്നയിച്ചത്. പാക് പ്രതിരോധമന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന, നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന രാജ്യത്തിന്, ഇസ്രയേലിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യാനാവില്ലെന്ന് ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിന്റെ വിമര്‍ശനം വന്നതിന് പിന്നാലെ ഖ്വാജ ആസിഫ് തന്റെ എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

അതിനിടെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ രംഗത്ത് വന്നു. പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമായതിനാൽ അവരെ ഒരു തരിപോലും വിശ്വസമില്ലെന്നായിരുന്നു ഇസ്രയേൽ അംബാസിഡറുടെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ നിർണായക ചർച്ചകൾക്ക് ഇന്ന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഇസ്രയേൽ അംബാസിഡറുടെ വിമർശനം. രണ്ടാഴ്‌ചത്തെ താൽകാലിക വെടിനിർത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്കായി ഇസ്ലമബാദിൽ എത്തുന്നത്. പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധ സമാനമായ സാഹചര്യം ഒഴിവാക്കി ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.

തങ്ങൾ പാകിസ്ഥാനികളെ വിശ്വസിക്കുന്നില്ല. അമേരിക്കക്കാർ അവരെ വിശ്വസിക്കുന്നുവെന്ന് അമിതമായി ആവേശം കൊള്ളേണ്ടതുമില്ല. ചർച്ചകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു സഹായിയുടെ പരിഗണന മാത്രമേ പാക്കിസ്ഥാന് അമേരിക്കയും നൽകുന്നുള്ളൂ. ഇത് വെറുമൊരു സാങ്കേതിക സഹായം മാത്രമാണ്. അതിലപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ പാക്കിസ്ഥാൻ അപലപിച്ചതിനെതിരെയും റൂവൻ അസർ രംഗത്തെത്തി. രാജ്യത്തിൻ്റെ പ്രതിരോധത്തിനായി ഇസ്രയേൽ ആവശ്യമായ നടപടികൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം ഉൾപ്പെടുന്നതിനോട് ഇസ്രയേലിന് താൽപര്യമില്ലെന്നും ഹമാസും ലഷ്‌കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിൽ സ്ഥിരത കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!