Home » ഇറാൻ-യുഎസ് ചർച്ച പരാജയം; ‘ഞങ്ങൾ മടങ്ങുന്നു, നിരാശരായി’ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്
ഇറാൻ-യുഎസ് ചർച്ച പരാജയം; 'ഞങ്ങൾ മടങ്ങുന്നു, നിരാശരായി' യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

ഇറാൻ-യുഎസ് ചർച്ച പരാജയം; ‘ഞങ്ങൾ മടങ്ങുന്നു, നിരാശരായി’ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

by Editor
Send your news and Advertisements

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയം. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആണവായുധങ്ങൾക്കെതിരെ ഇറാൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കരാറുകളൊന്നും ഇല്ലാതെ തന്നെ യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

“ഞങ്ങൾ മടങ്ങുന്നു, നിരാശരായി, ചർച്ചകൾ അവസാനിച്ചു” എന്ന് വാൻസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന യുഎസ് ഉപാധികൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണമായത്. അമേരിക്ക നൽകിയ ഏറ്റവും നല്ലതും അവസാനത്തേതുമായ നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞതായി വാൻസ് അറിയിച്ചു. ഈ കരാർ പരാജയപ്പെട്ടത് തങ്ങളേക്കാൾ കൂടുതൽ ഇറാനെയാണ് ദോഷകരമായി ബാധിക്കുകയെന്നും വാൻസ് കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ധാരണയിലെത്താതെ യുഎസ് പ്രതിനിധി സംഘം മടങ്ങുന്നത്.

“അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണൾഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാൽ, ഒരു പുരോഗതിയും ഉണ്ടായില്ല”- എന്നാണ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയാതെ ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ്.

അതിനിടെ ഇറാനും പ്രോക്സികൾക്കും എതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ചർച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിച്ചെങ്കിലും ശുഭകരമായ വിവരങ്ങൾ ഇല്ലെന്ന് ഇറാൻ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ സൈനിക സംഘം യുദ്ധ വിമാനങ്ങളുമായി സൗദി അറേബ്യയിൽ.

You may also like

error: Content is protected !!