ഒരു സ്മരണികയുടെ താളുകളിൽ ഒതുക്കുവാനാകാതാണ് ജി. ദേവരാജൻ മാസ്റ്റരുടെ സംഗീത സംഭാവനയും ജീവിതവും. ചലച്ചിത്ര-നാടകഗാന പ്രേമികൾ തലമുറകളിലൂടെ എന്നും എപ്പോഴും മനസ്സിൽ പാടിക്കൊണ്ടിരിക്കുന്ന അസംഖ്യം മധുര ഗാനങ്ങൾ… ‘ദേവസംഗീതം’… ഈ സ്മരണ ദിവസങ്ങളിൽ മാത്രമല്ലല്ലോ ആ മഹാപ്രതിഭ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്…! ചെന്നൈയിലെ വിജയാ ആശുപത്രിയില്‍ 2006 മാർച്ച് 14 ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു ആ ജീവിതത്തിൻറെ തിരിശീല വീണത്. 20-ാം ഓർമ്മദിനം, ഇന്ന്…
മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും.
ചങ്ങനാശേരി, പെരുന്ന സ്വദേശിനി കഥകളി കലാകാരി ലീലാമണിയാണ്, ജി. ദേവരാജൻ മാസ്റ്ററുടെ ഭാര്യ.
ജി. ദേവരാജന്റെ 1702 ഗാനങ്ങളിൽ, 749 ഗാനങ്ങൾ രചിച്ചത് വയലാറാണ്. മികച്ച സംഗീത സംവിധായകനുള്ള കേരള സർക്കാർ അവാർഡ് 1969-ൽ ‘കുമാരസംഭവം’ എന്ന ചിത്രത്തിന് – കേരള സർക്കാർ ഫിലിം അവാർഡ് ഏർപ്പെടുത്തിയ ആദ്യ വർഷമായരുന്നു അത്. ഈ ആദ്യ അംഗീകാരം ഉൾപ്പെടെ, കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്. മാക്ട ഗുരുവന്ദന പുരസ്‌കാരം 2001-ൽ, സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേൽ അവാർഡ് 1999-ൽ….. ഇങ്ങനെ നിരവധി അംഗീകാരങ്ങൾ.
യേശുദാസ്, പി സുശീല, പി ലീല, ജയചന്ദ്രൻ, മാധുരി എന്നിവർ അദ്ദേഹത്തിൻ്റെ ഈണത്തിൽ പാടിയ കുറെയേറെ മനോഹരഗാനങ്ങൾ പതിവായി പരാമർശം ചെയ്യപ്പെട്ടു വരുന്നുണ്ടല്ലോ. എന്നാൽ അദ്ദേഹം ഈണം നൽകി എ. എം. രാജാ, എസ്. ജാനകി, കമുകറ, ഉദയഭാനു എന്നിവർ പാടിയ ചില ഗാനങ്ങൾ എക്കാലത്തെയും മനോഹരമായ ഗാനങ്ങൾ ആയിരുന്നു എന്ന് ഓർക്കാതെ വയ്യാ… പെട്ടെന്ന് ഓർമ്മയിൽ വന്ന ഇഷ്ട്ടഗാനങ്ങൾ കുറിക്കാം:
എ. എം. രാജാ പാടിയ:
“പെരിയാറെ, പെരിയാറെ…പർവ്വത നിരയുടെ പനിനീരേ…”
“കാട്ടുചെമ്പകം പൂത്തുലയുമ്പോൾ ….”
“മനസ്സമ്മതം തന്നാട്ടെ മധുരം കിള്ളി തന്നാട്ടേ… മധുരപ്പതിനെഴുകാരീ… വിരുന്നുകാരീ… വിരുന്നുകാരീ…”
“പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ പാലപ്പൂങ്കാവിലെ പൂ നിലാവേ… പൂ നിലാവേ പൂ നിലാവേ… പുഷ്പവിമാനമെനിക്ക് തരൂ… “
“ദേവദാരു പൂത്ത നാളൊരു ദേവകുമാരിയെ കണ്ടു ഞാൻ… വേദനയിൽ അമൃത് തൂകിയ ദേവകുമാരിയെ കണ്ടു ഞാൻ…”
“ആകാശഗംഗയുടെ കരയിൽ… അശോകവനിയിൽ… ആരെയാരെ തേടി വരുന്നൂ… വസന്തപൗർണമി നീ…”
“കാറ്ററിയില്ലാ… കടലറിയില്ലാ… അലയും തിരയുടെ വേദന… അലയും തിരയുടെ വേദന…”
“മയിൽപ്പീലി കണ്ണുകൊണ്ട്… ഖൽബിന്റെ കടലാസ്സിൽ മാപ്പിളപ്പാട്ട് കുറിച്ചവനെ… കാറ്റിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന പനിനീർപ്പൂവിന്റെ പേരെന്ത്… മൊഹബത്ത്…”
കമുകറ പാടിയ:
“മാതളമലരേ… മാതളമലരേ… മാരന് നേദിച്ച മുന്തിരി നീരേ… മാതളമലരേ…”
“തങ്കത്തേരിലെഴുന്നള്ളുന്നൊരു തമ്പുരാട്ടീ… പുത്തൻ മണവാട്ടീ… നിന്റെ താലികെട്ടിന് കൊട്ടും കുരവേം കേട്ടില്ലാ…”
എസ്. ജാനകിയമ്മ പാടിയ:
“കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തൂ ഞാൻ… മുറ്റം നിറയെ മുറ്റം നിറയെ മുന്തിരിവള്ളി പടർത്തീ ഞാൻ…”
“മാനത്തെ വെണ്ണിലാവും മയങ്ങിയല്ലോ… മധുമാസ പുഷ്പങ്ങളും മയങ്ങിയല്ലോ… മണിയറക്കൂട്ടിനുള്ളിൽ മലർമഞ്ചം വിരിച്ചിട്ടും കളിതോഴനിനിയുമിന്നുറക്കമില്ലേ… എന്റെ കാണായ ദേവനിന്നുറക്കമില്ലേ…”
“ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ അന്തപുരങ്ങൾ തുറന്നവനെ… കാണാത്ത നിധികൾ കാണിച്ചു തന്നിട്ടും കള്ളന് പരിഭവമാണോ… ഇനിയും കള്ളന് പരിഭവമാണോ…”
ഉദയഭാനു പാടിയ:
“എവിടെ നിന്നോ എവിടെ നിന്നോ… വഴിയമ്പലത്തിൽ വന്നു കയറിയ വാനമ്പാടികൾ നമ്മൾ… വാനമ്പാടികൾ നമ്മൾ…”
ഇതോടെപ്പം യേശുദാസ്, പി സുശീലാമ്മ, പി ലീല, ജയേട്ടൻ, മാധുരിയമ്മ എന്നിവർ അദ്ദേഹത്തിൻ്റെ ഈണത്തിൽ പാടിയ നിത്യ ഹരിത ഗാനങ്ങൾ കൂടി ചേരുമ്പോൾ, എത്ര വൈപുല്യവും മനോഹരവുമാണ് ആ സംഗീത ലോകം എന്ന് മലയാളികൾ അത്ഭുതത്തോടെ, ആദരവോടെ ഓർക്കും !
മഹാസംഗീതജ്ഞന് സ്മരണാഞ്‌ജലി..!
ആർ. ഗോപാലകൃഷ്ണൻ


