Tuesday, May 26, 2026
Home » വിലവർദ്ധനവ് പിടിച്ചു നിർത്താൻ പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം
പെട്രോൾ, ഡീസൽ

വിലവർദ്ധനവ് പിടിച്ചു നിർത്താൻ പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം

by Editor

ന്യൂ ഡൽഹി: ഇന്ധനവില വർദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ചു. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇന്ധനത്തിന്മേലുള്ള വാറ്റ് (VAT) കുറച്ചിട്ടുണ്ട്.

ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ട്ടം നികത്താനുമാണ് നീക്കം. പെട്രോളിൻ്റെയും ഡീസലിൻ്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടായേക്കില്ല. എക്സൈസ് നികുതി വെട്ടിക്കുറച്ചതുവഴി കേന്ദ്ര സർക്കാരിനുണ്ടാകുന്ന പ്രതീക്ഷിത വരുമാനനഷ്‌ടം 1.7 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ.

നിലവിൽ ഒരു ലീറ്റർ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്‌ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. രണ്ട് ഓപ്ഷനുകളാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത് ഒന്നുകിൽ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ധനവില ഗണ്യമായി വർധിപ്പിക്കുക, അല്ലെങ്കിൽ അധിക നികുതിവരുമാനം വേണ്ടെന്നു വയ്ക്കുക. ഇതിൽ രണ്ടാമത്തെ ഓപ്ഷനാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28നു ശേഷം ക്രൂഡോയിൽ വിലയിൽ 50% വർധനയാണുണ്ടായത്. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 ഡോളറാണ്. എന്നാൽ പെട്രോൾ, ഡീസൽ ചില്ലറ വില നാളുകളായി മാറ്റമില്ലാതെ തുടരുകയാണ്. ഇത് എണ്ണക്കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!